Wednesday, March 18, 2026 Last Updated 13 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

ജീവനക്കാര്‍ക്ക്‌ വാരിക്കോരി

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിന്‌ കമ്മിഷനെയും പുതിയ അഷ്വേര്‍ഡ്‌ പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ച്‌ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്‌. ശമ്പളപരിഷ്‌ക്കണ കമ്മിഷനില്‍ നിന്നും മൂന്നുമാസത്തിനുള്ള റിപ്പോര്‍ട്ട്‌ വാങ്ങി അഞ്ചുവര്‍ഷത്തെ ശമ്പളപരിഷ്‌ക്കരണം എന്ന തത്വം ഉറപ്പാക്കുമെന്ന്‌ ധനമന്ത്രി വ്യക്‌തമാക്കി. വിരമിക്കുന്ന ജീവനക്കാര്‍ക്ക്‌ ശമ്പളത്തിന്റെ 50% പെന്‍ഷനായി ലഭിക്കുന്നതാണ്‌ പുതുതായി പ്രഖ്യാപിച്ച പദ്ധതി.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച അഞ്ചുവര്‍ഷ തത്വം പാലിക്കുക എന്നതാണ്‌ ഇടതുപക്ഷ സര്‍ക്കാരുകളുടെ എക്കാലത്തെയും നയമെന്ന്‌ മന്ത്രി വ്യക്‌തമാക്കി. ഇതിന്റെ ഭാഗമായി 12-ാം ശമ്പളപരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപിക്കുന്നു. മൂന്ന്‌ മാസം കൊണ്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതിന്റെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരമായി അഷ്വേര്‍ഡ്‌ പെന്‍ഷന്‍ പ്രഖ്യാപിക്കുന്നതായും മന്ത്രി അറിയിച്ചു. അവസാന അടിസ്‌ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷനായി ലഭിക്കുന്നു എന്ന്‌ ഉറപ്പുവരുത്തുകയും ഡി.ആര്‍ അനുവദനീയമാക്കുകയും ചെയ്യുന്നതാണ്‌ പദ്ധതി.
നിലവിലുള്ള എന്‍.പി.എസില്‍ നിന്നും അഷ്വേര്‍ഡ്‌ പെന്‍ഷനിലേക്ക്‌ മാറാന്‍ അവസരമുണ്ടായിരിക്കും. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യംചെയ്യും. അഷ്വേര്‍ഡ്‌ പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1-ന്‌ നടപ്പില്‍ വരുത്തുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഉത്തരവ്‌ പുറത്തിറക്കും.

-സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗഡുക്കള്‍ പൂര്‍ണമായും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നിലവിലുള്ളതില്‍ ഒരു ഗഡു ഡി.എ. ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. അവശേഷിക്കുന്ന ഗഡുക്കള്‍ പൂര്‍ണമായും മാര്‍ച്ച്‌ മാസത്തെ ശമ്പളത്തോടൊപ്പവും അനുവദിക്കും.
ഡി.എയുടെയും ഡി.ആറിന്റെയും കുടിശിക ഘട്ടംഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ്‌ വര്‍ഷത്തില്‍ തന്നെ നല്‍കുന്നതിന്‌ തുക വകയിരുത്തിയിട്ടുണ്ട്‌.
ജീവനക്കാരുടെ ഹൗസ്‌ ബില്‍ഡിംഗ്‌ അഡ്വാന്‍സ്‌ സ്‌കീം പുനഃസ്‌ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED