Wednesday, March 18, 2026 Last Updated 17 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.42 PM

നിയമസഭയിലെ ദൃശ്യങ്ങള്‍ ചോദിച്ച്‌ ഗവര്‍ണര്‍, കത്തിന്‌ മറുപടി നല്‍കില്ലെന്ന്‌ സ്‌പീക്കര്‍, നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ ഗവര്‍ണര്‍-സ്‌പീക്കര്‍ പോര്‌ മുറുകുന്നു

മാധ്യമങ്ങള്‍ക്കു നല്‍കിയ ശേഷമാണ്‌ കത്തിന്റെ കോപ്പി തനിക്കു നല്‍കിയതെന്നും അതുകൊണ്ടു മറുപടി കൊടുക്കില്ലെന്നുമാണ്‌ സ്‌പീക്കര്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ സ്‌പീക്കറുടെ ആരോപണങ്ങള്‍ തള്ളി ഗവര്‍ണര്‍ രംഗത്തെത്തി
uploads/news/2026/01/822951/k3.jpg

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ ഗവര്‍ണര്‍-സ്‌പീക്കര്‍ പോര്‌ മുറുകുന്നു. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിനു മറുപടി നല്‍കില്ലെന്ന്‌ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രതികരിച്ചതാണു ലോക്‌ഭവനെ ചൊടിപ്പിച്ചത്‌.
മാധ്യമങ്ങള്‍ക്കു നല്‍കിയ ശേഷമാണ്‌ കത്തിന്റെ കോപ്പി തനിക്കു നല്‍കിയതെന്നും അതുകൊണ്ടു മറുപടി കൊടുക്കില്ലെന്നുമാണ്‌ സ്‌പീക്കര്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ സ്‌പീക്കറുടെ ആരോപണങ്ങള്‍ തള്ളി ഗവര്‍ണര്‍ രംഗത്തെത്തി. ലോക്‌ഭവന്‍ അയച്ച കത്തിനു മറുപടി നല്‍കില്ലെന്ന സ്‌പീക്കറുടെ നിലപാട്‌ ഭരണഘടനാപരമായ മര്യാദകള്‍ക്കു നിരക്കാത്തതാണെന്ന്‌ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കുറ്റപ്പെടുത്തി.
സ്‌പീക്കര്‍ക്കു നല്‍കിയത്‌ ലോക്‌ഭവന്റെ ഔദ്യോഗിക കത്ത്‌ തന്നെയാണ്‌. ഭരണഘടനാ സ്‌ഥാപനത്തിന്റെ തലവന്‍ അയച്ച കത്തിനോട്‌ സ്‌പീക്കര്‍ പ്രതികരിച്ച രീതി ഒട്ടും ശരിയായതല്ല. വാര്‍ത്താസമ്മേളനം വിളിച്ച്‌ സ്‌പീക്കര്‍ പ്രതികരിച്ചത്‌ ചട്ടം അനുവദിക്കുന്ന രീതിയിലല്ല. നിയമസഭയുമായുള്ള എല്ലാ ആശയവിനിമയത്തിലും ഗവര്‍ണര്‍ ഭരണഘടനാപരമായ മര്യാദകള്‍ പാലിച്ചിട്ടുണ്ട്‌. അത്തരം മൂല്യങ്ങളെ ഉന്നത ഭരണഘടനാ സ്‌ഥാപനങ്ങള്‍ ലംഘിക്കുന്നത്‌ സാമാന്യമര്യാദയുടെ ലംഘനമാണെന്ന്‌ ലോക്‌ഭവന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ സഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം തിരുത്തി പിന്നീട്‌ മുഖ്യമന്ത്രി പ്രസംഗിച്ചതാണ്‌ വിവാദങ്ങള്‍ക്കു തുടക്കമിട്ടത്‌. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം അതേപടി വായിക്കുകയാണു ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തുടര്‍ന്ന്‌ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ വായിക്കുകയായിരുന്നു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാകും സഭാരേഖകളില്‍ ഉണ്ടാകുകയെന്ന്‌ സ്‌പീക്കര്‍ വ്യക്‌തമാക്കുകയും ചെയ്‌തു. ഇതോടെയാണ്‌ തന്റെ പ്രസംഗത്തിന്റെയും അതിനുശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ സ്‌പീക്കര്‍ക്കു കത്ത്‌ നല്‍കിയത്‌. എന്നാല്‍ കത്ത്‌ ഔദ്യോഗികമായി ലഭിക്കുംമുമ്പ്‌ ഇത്‌ മാധ്യമങ്ങളില്‍ വന്നുവെന്നും അതിനാല്‍ മറുപടി നല്‍കേണ്ടതില്ലെന്നും സ്‌പീക്കര്‍ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.

Ads by Google
Wednesday 28 Jan 2026 11.42 PM
YOU MAY BE INTERESTED