Wednesday, March 18, 2026 Last Updated 1 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

'കുറ്റപത്രം വൈകുന്നു; ഗുരുതരസാഹചര്യം', , എസ്‌.ഐ.ടിയെ വിമര്‍ശിച്ച്‌ ഹൈക്കോടതി

uploads/news/2026/01/822776/k1.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌.ഐ.ടി. കുറ്റപത്രം നല്‍കാത്തതിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി. പ്രതികള്‍ക്ക്‌ എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്നു കോടതി ചോദിച്ചു. ഗുരുതര സാഹചര്യമാണിത്‌. പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തിട്ട്‌ 90 ദിവസം ആകുന്നു. കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ പോകുന്നതു തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങള്‍ക്ക്‌ അന്വേഷണത്തില്‍ സംശയം ഉണ്ടാകുമെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ജസ്‌റ്റിസ്‌ ബദറുദ്ദീനാണ്‌ രൂക്ഷ വിമര്‍ശനം നടത്തിയത്‌. അറസ്‌റ്റ്‌ ചോദ്യം ചെയ്‌ത്‌ പങ്കജ്‌ ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അറസ്‌റ്റ്‌ അനിവാര്യമാണെന്നും പക്ഷേ അറസ്‌റ്റിനുള്ള കാരണങ്ങള്‍ സുപ്രീം കോടതി ഉത്തരവ്‌ പ്രകാരം വ്യക്‌തമാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വൈകുമെന്നാണു സൂചന. സ്വര്‍ണപ്പാളിക്കു പകരം ചെമ്പെന്ന്‌ എഴുതിയ ദേവസ്വം മിനിട്‌സ്‌ അടക്കമുള്ള രേഖകള്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ അയയ്‌ക്കാന്‍ ദിവസങ്ങള്‍ക്കു മുന്‍പാണ്‌ നടപടി തുടങ്ങിയത്‌. ഇതിനായി പത്മകുമാര്‍ അടക്കമുള്ള പ്രതികളുടെ കൈയെഴുത്ത്‌ സാമ്പിളുകള്‍ ശേഖരിച്ചു. അന്തിമ റിപ്പോര്‍ട്ട്‌ തയാറായാലും സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാല്‍ മാത്രമാണു കുറ്റപത്രം നല്‍കാന്‍ കഴിയുക.
സ്വര്‍ണക്കൊള്ളയില്‍ അതിവേഗ അന്വേഷണവും അറസ്‌റ്റുമാണ്‌ ഇതുവരെ ഉണ്ടായത്‌. എന്നാല്‍ കുറ്റപത്രം തയാറാക്കലില്‍ അന്വേഷണ സംഘത്തിന്‌ മുന്നില്‍ കടമ്പകള്‍ ഏറെയുണ്ട്‌. മൊഴികളുടെയും ചില രേഖകളുടെയും അടിസ്‌ഥാനത്തിലുമുള്ള അറസ്‌റ്റില്‍ ശാസ്‌ത്രീയ പരിശോധനാ ഫലം അനിവാര്യമാണ്‌. എസ്‌.ഐ.ടി. കണ്ടെത്തിയ പ്രധാന രേഖ സ്വര്‍ണപ്പാളി എന്നതിന്‌ പകരം ചെമ്പ്‌ എന്നെഴുതിയ ദേവസ്വം ബോര്‍ഡ്‌ യോഗ മിനിട്‌സ്‌ ആണ്‌. പത്മകുമാര്‍ കൈപ്പടയിലാണ്‌ ഇത്‌ എഴുതി ചേര്‍ത്തത്‌. ഇത്തരം കാര്യങ്ങള്‍ പ്രതികള്‍ക്ക്‌ വിചാരണ വേളയില്‍ നിഷേധിക്കാം. അത്‌ ഒഴിവാക്കാനാണ്‌ ശാസ്‌ത്രീയ പരിശോധന. മറ്റു പ്രതികളുടെ ഒപ്പുകള്‍ എല്ലാം ശാസ്‌ത്രീയ പരിശോധന നടത്തി ഉറപ്പാക്കണം. ഇതിനുള്ള നടപടികള്‍ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ മാത്രമാണ്‌ ആരംഭിച്ചത്‌. പാളികള്‍ മാറ്റിയോ എന്നതിലും കൂടുതല്‍ വ്യക്‌തതയുള്ള പരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കണം.അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വാങ്ങിയാല്‍ മാത്രമാണ്‌ കുറ്റപത്രം നല്‍കാനാകുക. പത്മകുമാര്‍ അടക്കമുള്ള ദേവസ്വം ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ സര്‍ക്കാരും ജീവനക്കാര്‍ക്ക്‌ ബോര്‍ഡുമാണ്‌ പ്രോസിക്യുഷന്‍ അനുമതി നല്‍കേണ്ടത്‌. അന്തിമ റിപ്പോര്‍ട്ട്‌ തയാറാക്കാതെ അനുമതി തേടാനാകില്ല. ഇതിനും ദിവസങ്ങള്‍ വേണ്ടിവരും.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED