Wednesday, March 18, 2026 Last Updated 1 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

മെഡിക്കല്‍ ലീഗല്‍ പ്രോട്ടോകോള്‍ അട്ടിമറിക്കപ്പെടുന്നു

കൊച്ചി: കസ്‌റ്റഡി മര്‍ദനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിരവധി പരിഷ്‌കാരങ്ങളോടെ സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കോ ലീഗല്‍ പ്രോട്ടോകോള്‍ അട്ടിമറിക്കപ്പെടുന്നതായി വിദഗ്‌ധര്‍. കസ്‌റ്റഡി മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണം പ്രോട്ടോകോള്‍ ലംഘനമാണെന്നു കസ്‌റ്റഡി മര്‍ദനം തടയണമെന്നാവശ്യപ്പെട്ടു നിയമപോരാട്ടം നടത്തിയ ഡോ.കെ പ്രതിഭ 'മംഗള'ത്തോട്‌ പറഞ്ഞു.
സര്‍ക്കാര്‍ പരിഷ്‌കരിച്ച വൈദ്യപരിശോധനാ മാര്‍ഗരേഖ പുറത്തിറക്കിയത്‌ ഡോ.കെ പ്രതിഭ നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്നാണ്‌. നെടുകണ്ടം കസ്‌റ്റഡിമരണം അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയ ജസ്‌റ്റിസ്‌ നാരായണകുറുപ്പ്‌ നല്‍കിയ നിര്‍ദേശങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നപ്പോള്‍ അതിനെതിരേ ഡോ.കെ.പ്രതിഭ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന്‌ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളുന്ന മെഡിക്കല്‍ ലീഗല്‍ പ്രോട്ടോകോള്‍ സര്‍ക്കാര്‍ നിരവധി പരിഷ്‌കാരങ്ങളോടെ പുറത്ത്‌ ഇറക്കി. ഡോ.പ്രതിഭയുടെ നിലപാടിനെയും ജസ്‌റ്റിസ്‌ നാരായണകുറിപ്പ്‌ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിരുന്നു.
പുതിയ മെഡിക്കല്‍ ലീഗല്‍ പ്രോട്ടോകോള്‍ യഥാവിധം പാലിക്കുന്നതില്‍ ചിലര്‍ ഇപ്പോഴും കൃത്യവിലോപം കാട്ടുന്നതായും കൃത്യമായ വൈദ്യപരിശോധനകള്‍ അട്ടിമറിക്കുന്നതായും ഡോ. പ്രതിഭ നിലവില്‍ സംഭവിച്ച കസ്‌റ്റഡി മരണത്തിന്റെ പശ്‌ചാത്തലത്തില്‍ പ്രതികരിച്ചു.
ഇതേസമയം, കസ്‌റ്റഡിമര്‍ദനം, മരണം തുടങ്ങിയ വിവരങ്ങള്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍വരില്ലെന്നും അത്തരം വിവരങ്ങള്‍ നല്‍കാനാകില്ലെന്നുമുള്ള മുന്‍നിലപാട്‌ തിരുത്താന്‍ പോലീസ്‌ തയാറായിട്ടില്ല. അവ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നുപറഞ്ഞ്‌ ഇത്തരം വിവരങ്ങള്‍ വിവരാവകാശ അപേക്ഷയില്‍ പോലീസ്‌ നിഷേധിച്ചിരുന്നു. ഇതിനെതിരേ വിവരാവകാശ കമ്മിഷനുമുന്നില്‍ മുന്‍പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലായിരുന്ന അഡ്വ. ടി. ആസഫലി നല്‍കിയ അപ്പീലിനു നല്‍കിയ മറുപടിയിലാണ്‌ മുന്‍ നിലപാട്‌ പോലീസ്‌ ആവര്‍ത്തിച്ചത്‌.
കസ്‌റ്റഡിമര്‍ദനവും മരണവും മനുഷ്യാവകാശ ലംഘനമായി കണക്കാക്കാത്തതിന്റെ കാരണം സ്‌റ്റേറ്റ്‌ ൈക്രം റെക്കോഡ്‌സ്‌ ബ്യൂറോയുടെ ചുമതലവഹിക്കുന്ന പോലീസ്‌ സൂപ്രണ്ട്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചില്ല. 2006, 2013, 2016 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം അഴിമതിയും മനുഷ്യാവകാശ ലംഘനവുമൊഴിച്ചുള്ള വിവരങ്ങള്‍ ൈക്രം റെക്കോഡ്‌സ്‌ ബ്യൂറോ നല്‍കേണ്ടതില്ലെന്നാണ്‌ വിശദീകരണത്തില്‍ ആവര്‍ത്തിക്കുന്നത്‌.

രാജു പോള്‍

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED