Wednesday, March 18, 2026 Last Updated 16 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

ലോറികള്‍ വിട്ടുനല്‍കാന്‍ കൈക്കൂലി; ജി.എസ്‌.ടി. ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍

പാലക്കാട്‌: പിടിച്ചെടുത്ത ലോറികള്‍ വിട്ടുനല്‍കുന്നതിന്‌ മൂന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പാലക്കാട്‌ ജി.എസ്‌.ടി എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫീസര്‍ വിജിലന്‍സ്‌ പിടിയില്‍. വാളയാര്‍ ജി.എസ്‌.ടി എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ അംഗവും പാലക്കാട്‌ കുരുടിക്കാട്‌ സ്വദേശിയുമായ പി.എന്‍. സുമന്‍ ആണ്‌ പിടിയിലായത്‌. സ്‌ക്രാപ്പ്‌ ബിസിനസ്‌ സ്‌ഥാപനത്തിന്റെ രണ്ട്‌ ലോറികള്‍ വിട്ടുകൊടുക്കുന്നതിന്‌ 3,50,000 രൂപയാണ്‌ കൈക്കൂലി വാങ്ങിയത്‌.
വിവിധ ഡീലര്‍മാരില്‍ നിന്നും ബില്‍ പ്രകാരം ശേഖരിച്ച ആക്രി ലോഡുകള്‍ വില്‍ക്കുന്നതിനായി രണ്ട്‌ ലോറികളില്‍ പൊള്ളാച്ചിയിലെ കമ്പനിയിലേക്കു കൊണ്ടുപോകുമ്പോള്‍ കഴിഞ്ഞ ആറിനാണ്‌ കുഴല്‍മന്ദത്തുവച്ച്‌ ജി.എസ്‌.ടി എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ ലോറികള്‍ പിടിച്ചെടുത്തത്‌. ലോറികള്‍ വാളയാര്‍ ജി.എസ്‌.ടി ഓഫീസ്‌ ഗ്രൗണ്ടിലേക്ക്‌ മാറ്റി. തുടര്‍ന്ന്‌ ജി.എസ്‌.ടി എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫീസര്‍ സുമന്‍ നിര്‍ദേശിച്ച പ്രകാരം കമ്പനി പാര്‍ട്‌ണറും അക്കൗണ്ടന്റും പിറ്റേദിവസം ജി.എസ്‌.ടി ഓഫീസ്‌ ഗ്രൗണ്ടിലെത്തി ഓഫീസര്‍ ആവശ്യപ്പെട്ട രേഖകള്‍ മുഴുവന്‍ നല്‍കിയെങ്കിലും രേഖകള്‍ പഠിക്കട്ടെ എന്ന്‌ പറഞ്ഞ്‌ തിരിച്ചയച്ചു.
വീണ്ടും ഓഫീസിലെത്തി സുമനെ കണ്ടപ്പോള്‍ 23 ലക്ഷം രൂപ ഫൈന്‍ അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ രേഖകള്‍ എല്ലാം ശരിയാണെന്നും ഫൈന്‍ കുറച്ച്‌ തരണമെന്നും ആവശ്യപ്പെട്ടപ്പോള്‍ 4 ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ നോക്കാമെന്ന്‌ പറഞ്ഞു. 21ന്‌ 8 ലക്ഷം രൂപ ഫൈന്‍ അടപ്പിച്ച ശേഷം കൈക്കൂലിയായി 3.5 ലക്ഷം രൂപ വേണമെന്നും അത്‌ എത്തിക്കേണ്ട സമയം ഫോണില്‍ വിളിച്ച്‌ അറിയിക്കാമെന്നും പറഞ്ഞ്‌ രണ്ടു ലോറികളും വിട്ട്‌ നല്‍കി.
24ന്‌ സുമന്‍ കമ്പനി പാര്‍ട്‌ണറെ ഫോണില്‍ വിളിച്ച്‌ ഞായറാഴ്‌ച രാവിലെ 11.00 ന്‌ മൂന്നരലക്ഷം രൂപ നേരിട്ട്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. സ്‌ഥലം അറിയിക്കാമെന്നും പറഞ്ഞു. കമ്പനി പാര്‍ട്‌ണര്‍ പരാതിപ്പെട്ടത്‌ പ്രകാരം വിജിലന്‍സ്‌ സ്‌ഥലത്തെത്തി. ഇന്നലെ ഉച്ചക്ക്‌ 1.40 ന്‌ പുതുശേരി കുരുടിക്കാട്‌ ജംഗ്‌ഷന്‌ സമീപം പരാതിക്കാരനില്‍ നിന്നും 3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ സുമനെ വിജിലന്‍സ്‌ സംഘം കൈയോടെ പിടികൂടി. അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കും.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED