Wednesday, March 18, 2026 Last Updated 14 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.46 AM

തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു

uploads/news/2026/01/822492/1.jpg

തിരുവനന്തപുരം: ഇന്ത്യയുടെ വികസനമുഖമായ വിഴിഞ്ഞം തുറമുഖപദ്ധതിക്ക്‌ വീണ്ടുമൊരു നാഴികക്കല്ല്‌. രാജ്യാന്തര കടല്‍വ്യാപാര രംഗത്ത്‌ കേരളത്തിന്റെ സ്‌ഥാനം ഉറപ്പിക്കുന്ന തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. 2028-ല്‍ പൂര്‍ത്തിയാകുന്ന രണ്ടാംഘട്ടത്തില്‍ 10,000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ്‌ നടപ്പാക്കുക.
റെയില്‍വേ യാര്‍ഡ്‌, മള്‍ട്ടി പര്‍പ്പസ്‌ ബെര്‍ത്ത്‌, ലിക്വിഡ്‌ ടെര്‍മിനല്‍, ടാങ്ക്‌ ഫാം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ തുറമുഖശേഷി 10 ലക്ഷം ടി.ഇ.യുവില്‍ നിന്ന്‌ 50 ലക്ഷം ടി.ഇ.യു വരെ ഉയരും. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ട്രെയ്‌റ്റ് ബെര്‍ത്ത്‌ തുറമുഖമാകുന്നതോടെ ഒരേസമയം 4 മദര്‍ഷിപ്പുകള്‍വരെ വിഴിഞ്ഞത്ത്‌ അടുപ്പിക്കാം.
രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ റോഡ്‌ മാര്‍ഗമുള്ള കണ്ടെയ്‌നര്‍ നീക്കം സാധ്യമാവും. ക്രൂസ്‌ ടെര്‍മിനലും ലിക്വിഡ്‌ ടെര്‍മിനലും കൂടി വരുന്നതോടെ വന്‍ വികസനക്കുതിപ്പാകും നടപ്പാകുക. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്ന്‌ യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കിടയില്‍ കപ്പലുകള്‍ക്ക്‌ രാജ്യാന്തര കപ്പല്‍പാതയ്‌ക്കു സമീപത്തുനിന്ന്‌ ഇന്ധനം നിറയ്‌ക്കാം. കൂടുതല്‍ കപ്പലുകള്‍ ഇതോടെ വിഴിഞ്ഞത്തെ ആശ്രയിക്കും.
2015 ഡിസംബര്‍ അഞ്ചിന്‌ ആരംഭിച്ച വിഴിഞ്ഞം തുറമുഖ നിര്‍മാണം 2023 ഒക്‌ടോബര്‍ 15ന്‌ ആദ്യ കപ്പല്‍ എത്തിയതോടെയാണ്‌ പ്രവര്‍ത്തനഘട്ടത്തിലേക്കു കടന്നത്‌. 2024 ജൂലൈയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിസംബറില്‍ വാണിജ്യാടിസ്‌ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 2025 മേയില്‍ രാജ്യത്തിനു സമര്‍പ്പിക്കപ്പെട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ഉള്‍പ്പെടെ നൂറുകണക്കിനു കപ്പലുകള്‍ നങ്കൂരമിട്ടു. ഒരുമാസം 1.21 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്‌ത് റെക്കോഡ്‌ നേട്ടവും തുറമുഖം സ്വന്തമാക്കി.
2000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നീളംകൂടിയ കണ്ടെയ്‌നര്‍ ബര്‍ത്തെന്ന നേട്ടവും സ്വന്തമാകും. തുടര്‍വികസനത്തിന്‌ ഭൂമി ഏറ്റെടുക്കേണ്ടതില്ല. 50 ഹെക്‌ടറോളം കടല്‍ നികത്തും.
'ഒന്നും നടക്കാത്ത നാട്‌' എന്ന പരിഹാസത്തിനുള്ള മറുപടിയാണ്‌ വിഴിഞ്ഞമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട്‌ നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിങ്‌ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, മന്ത്രിമാരായ വി.എന്‍. വാസവന്‍, വി. ശിവന്‍കുട്ടി, കെ.എന്‍. ബാലഗോപാല്‍, അദാനി പോര്‍ട്‌സ് എം.ഡി. കരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Sunday 25 Jan 2026 10.46 AM
YOU MAY BE INTERESTED