Wednesday, March 18, 2026 Last Updated 14 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

മോദി കേരളത്തിലെത്തിയത്‌ വര്‍ഗീയ വിഷം ചീറ്റാന്‍: കെ.സി. വേണുഗോപാല്‍

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത്‌ വര്‍ഗീയ വിഷം ചീറ്റാനാണെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.
ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും മഹാത്മാ അയ്യങ്കാളിയും ഉഴുതുമറിച്ച മണ്ണാണു കേരളം. പരസ്‌പരം സ്‌നേഹിച്ചും ബഹുമാനിച്ചുമാണ്‌ ഈ നാട്‌ മുന്നോട്ടു പോകുന്നത്‌. പ്രധാനമന്ത്രിയുടെ പ്രസ്‌താവന നിലവാരമില്ലാത്തതാണ്‌.
അഹമ്മദാബാദ്‌ നഗരസഭയിലേതിനു സമാനരീതിയാണ്‌ തിരുവനന്തപുരം കോര്‍പറേഷനിലേതുമെന്ന്‌ പ്രധാനമന്ത്രി പറയുന്നത്‌ അദ്ദേഹം കേരള ജനതയെ മനസിലാക്കാത്തതു കൊണ്ടാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്ക്‌ പരിശോധിച്ചാല്‍ അത്‌ പ്രധാനമന്ത്രിക്ക്‌ ബോധ്യമാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ യഥാര്‍ഥ പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നത്‌ വിലക്കാന്‍ എസ്‌.ഐ.ടിയുടെ മേല്‍ കേരള സര്‍ക്കാരിന്റെ ശക്‌തമായ സമ്മര്‍ദമുണ്ട്‌. അതിന്‌ എസ്‌.ഐ.ടി വഴങ്ങുന്നു. കുറ്റപത്രം വൈകിപ്പിച്ചതാണ്‌ പ്രതികള്‍ക്ക്‌ സ്വാഭാവികജാമ്യം ലഭിക്കാന്‍ അവസരം ഒരുക്കിയത്‌.
ഹൈക്കോടതി പലപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും എസ്‌.ഐ.ടി. അതിന്‌ പരിഗണന നല്‍കിയില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ല. പോറ്റിയുമായി ഒപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ പുറത്തുവന്നിട്ടുണ്ടെന്നും അതിന്റെ പേരില്‍ പിണറായി വിജയന്‍ പ്രതിയാകുമോയെന്നും അടൂര്‍ പ്രകാശുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌ വേണുഗോപാല്‍ മറുപടി നല്‍കി. രക്‌തസാക്ഷി ഫണ്ട്‌ വെട്ടിക്കുന്ന വിധം സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചെന്ന്‌ ധനരാജ്‌ ഫണ്ട്‌ വിവാദം ചൂണ്ടിക്കാട്ടി വേണുഗോപാല്‍ പറഞ്ഞു. അണികള്‍ക്കു പോലും ദഹിക്കാന്‍ കഴിയാത്ത ആശയദാരിദ്ര്യം സി.പി.എം. നേരിടുന്നു. ഗത്യന്തരമില്ലാതെയാണ്‌ നേതാക്കള്‍ക്ക്‌ ഇത്തരം സത്യങ്ങള്‍ തുറന്നു പറയുന്നത്‌. കമ്യൂണിസ്‌റ്റ് ആശയങ്ങളെ സി.പി.എം. നേതൃത്വം കുഴിച്ചുമൂടുന്നുവെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED