Wednesday, March 18, 2026 Last Updated 35 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

നീതിയുക്‌തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്രമസമാധാനനില ഭദ്രമായതിന്‌ അടിസ്‌ഥാനം ബാഹ്യഇടപെടലുകളില്ലാതെ നടക്കുന്ന കുറ്റാന്വേഷണമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ തെളിവുകളും വസ്‌തുതകളും വിലയിരുത്തി യുക്‌തമായ നടപടികള്‍ സ്വീകരിക്കാന്‍ യാതൊരു തടസവുമില്ല. ഇത്‌ നീതിന്യായ സംവിധാനങ്ങളുടേതടക്കം പരാമര്‍ശവിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ജില്ലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ 13 പോലീസ്‌ മന്ദിരങ്ങളുടെ ഉദ്‌ഘാടനവും പത്തു മന്ദിരങ്ങളുടെ ശിലാസ്‌ഥാപനവും തിരുവനന്തപുരം പോലീസ്‌ ട്രെയിനിങ്‌ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോള്‍ നിര്‍മിക്കുന്ന പോലീസ്‌ സ്‌റ്റേഷനുകളും അനുബന്ധ മന്ദിരങ്ങളും സ്‌ത്രീ-ശിശു-ഭിന്നശേഷി സൗഹൃദമാണ്‌. കേരളാ പോലീസിന്‌ ജനസൗഹൃദമുഖം നല്‍കാന്‍ ഇത്‌ ഏറെ ഉപകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി: എസ്‌. ശ്രീജിത്ത്‌, ഐ.ജി: ആര്‍. നിശാന്തിനി, മറ്റ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊല്ലം സിറ്റിയിലെ കരുനാഗപ്പള്ളി, കിളികൊല്ലൂര്‍ പോലീസ്‌ സ്‌റ്റേഷനുകള്‍, കൊല്ലം പത്തനാപുരത്തെ കണ്‍ട്രോള്‍ റൂം, പത്തനംതിട്ട പെരുനാട്‌ പോലീസ്‌ സ്‌റ്റേഷന്‍, കോട്ടയത്ത്‌ 12 ലോവര്‍ സബോര്‍ഡിനേറ്റ്‌ ക്വാര്‍ട്ടേഴ്‌സ്, നാല്‌ അപ്പര്‍ സബോര്‍ഡിനേറ്റ്‌ ക്വാര്‍ട്ടേഴ്‌സുകള്‍, മാഞ്ഞൂര്‍ പോലീസ്‌ സ്‌റ്റേഷന്‍, പാലക്കാട്‌ കല്ലടിക്കോട്‌ പോലീസ്‌ സ്‌റ്റേഷന്‍, മലപ്പുറം മഞ്ചേരിയില്‍ നാല്‌ ലോവര്‍ സബോര്‍ഡിനേറ്റ്‌ ക്വാര്‍ട്ടേഴ്‌സുകള്‍, കോഴിക്കോട്‌ സിറ്റിയിലെ നോളജ്‌ റെപ്പോസിറ്ററി സെന്റര്‍, കോഴിക്കോട്‌ റൂറലിലെ വാളയം പോലീസ്‌ സ്‌റ്റേഷന്‍, കണ്ണൂര്‍ സിറ്റിയിലെ നോളജ്‌ റെപ്പോസിറ്ററി സെന്റര്‍, കാസര്‍ഗോട്ട്‌ ആറു ലോവര്‍ സബോര്‍ഡിനേറ്റ്‌ ക്വാര്‍ട്ടേഴ്‌സ്, രണ്ട്‌ അപ്പര്‍ സബോര്‍ഡിനേറ്റ്‌ ക്വാര്‍ട്ടേഴ്‌സുകള്‍, ജിം ആന്‍ഡ്‌ മള്‍ട്ടി പര്‍പ്പസ്‌ ഇന്‍ഡോര്‍ കോര്‍ട്ട്‌ എന്നിവയാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയവ. ആലപ്പുഴ കരീലക്കുളങ്ങര പോലീസ്‌ സ്‌റ്റേഷന്‍, മുഹമ്മ പോലീസ്‌ ക്വാര്‍ട്ടേഴ്‌സ്, പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ച്‌, കോട്ടയത്തെ കടുത്തുരുത്തി, കോഴിക്കോട്‌ റൂറലിലെ കൊയിലാണ്ടി, കോടഞ്ചേരി, കാസര്‍ഗോഡ്‌ നീലേശ്വരം, കുമ്പള പോലീസ്‌ സ്‌റ്റേഷനുകള്‍, കെ 9 കെന്നല്‍ സ്‌ക്വാഡ്‌, തിരുവനന്തപുരം പോലീസ്‌ ട്രെയിനിങ്‌ കോളജിലെ അണ്ടര്‍ ഗ്രൗണ്ട്‌ വാട്ടര്‍ ടാങ്ക്‌ എന്നിവയുടെ ശിലാസ്‌ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED