Wednesday, March 18, 2026 Last Updated 14 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

'ഡോക്‌ടര്‍ പദവി മെഡിക്കല്‍ ബിരുദധാരികള്‍ക്ക്‌ മാത്രമുള്ളതല്ല'

കൊച്ചി: ഡോക്‌ടര്‍ പദവി എം.ബി.ബി.എസ്‌. ബിരുദമുള്ളവര്‍ക്കുമാത്രം അവകാശപ്പെട്ടതല്ലെന്നു ഹൈക്കോടതി. മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക്‌ മാത്രമായി ഡോക്‌ടര്‍ പദവി നീക്കിവച്ചിട്ടില്ല. ഒക്യുപ്പേഷണല്‍ തെറാപ്പിസ്‌റ്റുകള്‍ക്കും ഡോക്‌ടര്‍ എന്നു പേരിനൊപ്പം ചേര്‍ക്കാമെന്നും ജസ്‌റ്റിസ്‌ വി.ജി. അരുണാണ്‌ ഉത്തരവിട്ടത്‌.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) സമര്‍പ്പിച്ച ഹര്‍ജി നിരാകരിച്ചാണ്‌ ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. എന്‍.സി.എ.എച്ച്‌.പി. നിയമപ്രകാരം ഫിസിയോതെറാപ്പിസ്‌റ്റുകള്‍ക്ക്‌ ഡോ. പ്രിഫിക്‌സോടെ സ്വതന്ത്ര പ്രാക്‌ടീസ്‌ തുടരാം. പിഎച്ച്‌.ഡി. പോലുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ഡോക്‌ടര്‍ എന്ന പദവി ഉപയോഗിക്കാന്‍ അര്‍ഹതയുണ്ടെന്നും ഉത്തരവിലുണ്ട്‌.
മെഡിക്കല്‍ പ്രഫഷണലുകള്‍ക്ക്‌ ഡോക്‌ടര്‍ എന്ന പദവി നല്‍കുന്നതിനുള്ള ഒരു വ്യവസ്‌ഥയും എന്‍.എം.സി. നിയമത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അത്തരം വ്യവസ്‌ഥയുടെ അഭാവത്തില്‍, ഡോ. എന്ന പ്രിഫിക്‌സ് ഉപയോഗിക്കാനുള്ള പ്രത്യേക അവകാശം ഹര്‍ജിക്കാര്‍ക്ക്‌ അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഡോക്‌ടര്‍ എന്ന പദത്തിന്റെ ഉത്ഭവം ഉള്‍പ്പെടെ പരാമര്‍ശിച്ചാണ്‌ ജസ്‌റ്റിസ്‌ അരുണിന്റെ ഉത്തരവ്‌. ഡോക്‌ടര്‍ എന്ന പദത്തിന്‌ ലാറ്റിന്‍ ഭാഷയില്‍ അധ്യാപകന്‍, ഇന്‍സ്‌ട്രക്‌ടര്‍ തുടങ്ങിയ അര്‍ഥങ്ങള്‍ കൂടിയുണ്ട്‌. അക്കാദമിക്‌ തലക്കെട്ടായും ഉപയോഗിക്കുന്നു. ദൈവശാസ്‌ത്രം, നിയമം, തത്ത്വചിന്ത തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന തലത്തിലുള്ള യോഗ്യത നേടിയ, അധ്യാപനത്തിന്‌ ലൈസന്‍സ്‌ ലഭിച്ച ഒരാളെ പരാമര്‍ശിക്കാന്‍ 13-ാം നൂറ്റാണ്ടില്‍, യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ഡോക്‌ടര്‍ എന്ന പദം ഉപയോഗിച്ചിരുന്നു. വൈദ്യശാസ്‌ത്രത്തിന്റെ പുരോഗതിയോടെ ഫിസിഷ്യന്‍മാരെ ഡോക്‌ടര്‍മാര്‍ എന്ന്‌ വിളിക്കാന്‍ തുടങ്ങി. 19-ാം നൂറ്റാണ്ടോടെയാണ്‌ ഈ വിശേഷണം സാധാരണമായതെന്നും വിധിപ്രസ്‌താവത്തില്‍ പറയുന്നു.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED