Wednesday, March 18, 2026 Last Updated 35 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

സി.പി.എമ്മിനും കോണ്‍ഗ്രസിനും മാറ്റം കൊണ്ടുവരാനാകില്ല: ട്വന്റി-20

കൊച്ചി: കാലഹരണപ്പെട്ട തത്വശാസ്‌ത്രങ്ങളില്‍ അധിഷ്‌ഠിതമായ പരമ്പരാഗത ശൈലി പിന്തുടരുന്ന സി.പി.എമ്മിനോ കോണ്‍ഗ്രസിനോ കേരളത്തില്‍ ഒരു മാറ്റവും കൊണ്ടുവരാനാകില്ലെന്നും ഇവരെ പിന്തുണയ്‌ക്കുന്നത്‌ ആത്മഹത്യാപരമാണെന്നും ട്വന്റി-20 പ്രസിഡന്റ്‌ സാബു എം. ജേക്കബ്‌. കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുക എന്ന ട്വന്റി 20യുടെ പ്രഖ്യാപിത നയം നടപ്പാക്കാനാണ്‌ എന്‍.ഡി.എയുടെ ഘടകകക്ഷിയായതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എയില്‍ ചേര്‍ന്നത്‌ ഉള്‍ക്കൊള്ളാനാകാതെ പാര്‍ട്ടിയിലെ ചെറിയ വിഭാഗം പ്രവര്‍ത്തകര്‍ പുറത്തുപോയിട്ടുണ്ട്‌. എങ്കിലും അതിന്റെ നൂറിരട്ടി പുതിയ അംഗങ്ങളാണ്‌ പാര്‍ട്ടിയിലേക്ക്‌ അനുദിനം ഒഴുകിയെത്തുന്നതെന്നും സാബു ജേക്കബ്‌ പറഞ്ഞു.സാങ്കേതികവിദ്യയും പ്രഫഷണലിസവും സമന്വയിപ്പിച്ചുള്ള സമീപനമാണ്‌ കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ ആവശ്യം. മറ്റ്‌ സംസ്‌ഥാനങ്ങള്‍ അതിവേഗം മുന്നേറുമ്പോള്‍ കേരളം പിന്നാക്കം പോകുകയാണ്‌. ഇതില്‍നിന്നുമുള്ള കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്‌ ട്വന്റി-20യുടെ മുന്നണി പ്രവേശനത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്‌. കേരളത്തില്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളിലാണ്‌ പ്രതീക്ഷ. ഇത്‌ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്ക് അനുകൂലമായ തരംഗം സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിരഹിത ഭരണം കാഴ്‌ചവച്ച ട്വന്റി-20യെ ഉന്മൂലനം ചെയ്യാനാണ്‌ ഇടത്‌-വലത്‌ സഖ്യം ഒരുമിച്ച്‌ ശ്രമിക്കുന്നത്‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്‌.ഡി.പി.ഐ, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്‌തികള്‍ക്കൊപ്പം ട്വന്റി20 യെ ഇല്ലാതാക്കാന്‍ ഈ കൂട്ടുകെട്ട്‌ രംഗത്തിറങ്ങിയെന്നും സാബു ജേക്കബ്‌ പറഞ്ഞു.ഇന്ത്യയിലെ മറ്റ്‌ സംസ്‌ഥാനങ്ങള്‍ അതിവേഗം വളര്‍ച്ച കൈവരിക്കുമ്പോള്‍ കേരളം വൃദ്ധസദനമാകുകയാണ്‌. ശമ്പളത്തിനും നിത്യചെലവുകള്‍ക്കും കടം വാങ്ങി മുന്നോട്ടുപോകുന്ന നയമാണ്‌ ഭരണകൂടത്തിനുള്ളത്‌. വികസന മുരടിപ്പ്‌ തുറന്ന്‌ കാട്ടപ്പെടാതിരിക്കാന്‍ വര്‍ഗീയത പ്രചരിപ്പിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്താനാണു ശ്രമം.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED