Wednesday, March 18, 2026 Last Updated 14 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

കൊല്ലം പിടിക്കാന്‍ കെ. മുരളീധരന്‍ ?

uploads/news/2026/01/822294/k7.jpg

കൊല്ലം; നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. തുടര്‍ച്ചയായ പരാജയം ഏറ്റുവാങ്ങിയ കൊല്ലം മണ്ഡലത്തില്‍ കെ. മുരളീധരനെ രംഗത്തിറക്കാന്‍ അണിയറ നീക്കം. കരുത്തുറ്റ ഒരു സ്‌ഥാനാര്‍ഥിയെ കളത്തിലിറക്കി മണ്ഡലം തിരിച്ചു പിടിക്കണമെന്ന കോണ്‍ഗ്രസിന്റെ താല്‍പര്യമാണ്‌ കെ. മുരളീധരനിലേക്കു കാര്യങ്ങളെത്തിക്കുന്നത്‌. മുന്‍ മുഖ്യമന്ത്രിയും കെ. മുരളീധരന്റെ പിതാവുമായ കെ. കരുണാകരന്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികളുണ്ടായിരുന്ന മണ്ഡലങ്ങളിലൊന്നാണ്‌ കൊല്ലം. ലീഡറോടുള്ള ഈ വൈകാരിക ബന്ധം വോട്ടായി മാറുമെന്നാണു കോണ്‍ഗ്രസ്‌ ക്യാമ്പിന്റെ കണക്കുകൂട്ടല്‍. കരുണാകരന്റെ വിശ്വസ്‌തരായ പഴയകാല നേതാക്കളും പ്രവര്‍ത്തകരും മുരളീധരന്റെ വരവിനെ ആവേശത്തോടെയാണു കാണുന്നത്‌.
കൊല്ലത്തെ സാധാരണക്കാരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ കെ. കരുണാകരനുണ്ടായിരുന്ന സ്വാധീനം വലുതായിരുന്നു. 2009ല്‍ കെ. കരുണാകരന്റെ വിശ്വസ്‌തനായ എന്‍. പീതാംബരക്കുറുപ്പ്‌ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന്‌ വിജയിച്ചിരുന്നു.കെ. മുരളീധരന്റെ മതേതര നിലപാടുകള്‍ക്കും വിട്ടുവീഴ്‌ചയില്ലാത്ത രാഷ്‌ട്രീയ ശൈലിക്കും മണ്ഡലത്തില്‍ സ്വീകാര്യത ലഭിക്കുമെന്നാണു പ്രതീക്ഷ. ഗ്രൂപ്പുകള്‍ക്ക്‌ അതീതമായി മുരളീധരനെ സ്വീകരിക്കാന്‍ കൊല്ലത്തെ കോണ്‍ഗ്രസ്‌ തയാറായേക്കും. കൊല്ലത്തെ സാധാരണ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ മുരളീധരനു വലിയ സ്വീകാര്യതയുണ്ട്‌.
കൊല്ലം നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണയും സി.പി.എമ്മിലെ എം. മുകേഷാണ്‌ വിജയിച്ചിയത്‌. 2016-ല്‍ മുകേഷ്‌ 17,608 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ മണ്ഡലം പിടിച്ചത്‌. 2021-ല്‍ ശക്‌തമായ ഭരണവിരുദ്ധ വികാരം യു.ഡി.എഫ്‌. അവകാശപ്പെട്ടെങ്കിലും ബിന്ദു കൃഷ്‌ണയെ 2,072 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തി മുകേഷ്‌ മണ്ഡലം നിലനിര്‍ത്തി. ഇത്തവണയും ബിന്ദു കൃഷ്‌ണയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു ഉന്നതന്‍ കരുക്കള്‍ നീക്കുന്നുണ്ടെങ്കിലും കെ. മുരളീധരനെപ്പോലെയുള്ള ഒരു 'ഹെവി വെയ്‌റ്റ്‌' സ്‌ഥാനാര്‍ഥി തന്നെ വേണമെന്ന നിലപാടിലാണ്‌ ഒരു വിഭാഗം നേതാക്കള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ തുണയ്‌ക്കുന്ന ചരിത്രമുണ്ടെങ്കിലും നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനുള്ള ആധിപത്യം മറികടക്കുകയെന്നത്‌ വലിയ വെല്ലുവിളിയാണ്‌. ചില പ്രാദേശിക വികസന വിഷയങ്ങളില്‍ എല്‍.ഡി.എഫിനെതിരേ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ മുതലാക്കാന്‍ കെ. മുരളീധരന്റെ വരവ്‌ സഹായിക്കുമെന്നും യു.ഡി.എഫ്‌. കണക്കുകൂട്ടുന്നു.

ഉണ്ണി വി.ജെ.നായര്‍

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED