Wednesday, March 18, 2026 Last Updated 14 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.33 PM

എസ്‌.എന്‍.ഡി.പി. യോഗം-എന്‍.എസ്‌.എസ്‌. ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

uploads/news/2026/01/821973/k5.jpg

ചങ്ങനാശേരി: എസ്‌.എന്‍.ഡി.പി. യോഗം -എന്‍.എസ്‌.എസ്‌. ഐക്യത്തെ സ്വാഗതം ചെയ്യുന്നതായും അടിസ്‌ഥാന മൂല്യങ്ങള്‍ക്കു കോട്ടം തട്ടാതെ ഐക്യം യാഥാര്‍ഥ്യമാക്കുമെന്നും എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഐക്യം പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനെതിരേയല്ല. യാതൊരു പാര്‍ലമെന്ററി മോഹങ്ങളും എന്‍.എസ്‌.എസിനില്ല. പ്രബല ഹിന്ദുസമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ഐക്യത്തില്‍ ആശങ്ക രാഷ്‌ട്രീയക്കാര്‍ക്കു മാത്രമാണ്‌. ഹിന്ദുക്കളുടെ യോജിപ്പില്ലായ്‌മയാണ്‌ ഏറ്റവും വലിയ വെല്ലുവിളി. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്നു പോലും ഭീഷണികളുണ്ടാകുന്നു. ഈ ഐക്യം മറ്റൊരു സമുദായങ്ങള്‍ക്കും ദോഷകരമാകില്ല. എല്ലാവരോടും സൗഹാര്‍ദ നിലപാടാണ്‌ എന്‍.എസ്‌.എസിനുള്ളതെന്നും സുകുമാരന്‍ നായര്‍ വ്യക്‌തമാക്കി.
' എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ തീരുമാനമറിയിക്കാന്‍ യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി അടുത്തദിവസം തന്നെ പെരുന്നയില്‍ എത്തുമെന്നാണ്‌ അറിയുന്നത്‌. തുഷാറിനെ രാഷ്‌ട്രീയ നേതാവായി കരുതാതെ വെള്ളാപ്പള്ളിയുടെ മകനായി സ്വീകരിക്കും. എസ്‌.എന്‍.ഡി.പി. യോഗവുമായി ഐക്യമെന്നത്‌ വ്യക്‌തിപരമായ അഭിപ്രായമാണ്‌. തുഷാര്‍ വന്നതിനു ശേഷം എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം ചേര്‍ന്ന്‌ ഐക്യം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കും.
ഇപ്പോഴുള്ള വെല്ലുവിളികളെ നേരിടുന്നതിന്‌ ഐക്യത്തിന്‌ സാധിക്കും. ഐക്യത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടാകാം. ഇവര്‍ക്ക്‌ മറുപടിയില്ല. എസ്‌.എന്‍.ഡി.പി. യോഗവുമായി മുമ്പു ചില കാര്യങ്ങളില്‍ അഭിപ്രായ വിത്യാസമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇല്ല. നേരത്തെ ഐക്യമുണ്ടായപ്പോള്‍ സംവരണവിഷയങ്ങളിലാണു ഭിന്നതയുടലെടുത്തത്‌. ഇവിടെ രാഷ്‌ട്രീയം വിഷയമല്ല. സമുദായസംഘടനകളുടെ ഐക്യം സി.പി.എമ്മിനെയോ മറ്റു രാഷ്‌ട്രീയകക്ഷികളെയോ സഹായിക്കാനല്ല. എന്‍.എസ്‌.എസ്‌. എന്നും സമദൂരത്തിനൊപ്പമാണ്‌. ചിലര്‍ ഐക്യത്തെ രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടിയാണ്‌ ഉപയോഗിക്കുന്നത്‌. അവര്‍ എന്തുവേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ. ഇതിനെ എന്‍.എസ്‌.എസ്‌ ഭയക്കുന്നില്ല.- ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
വി.ഡി. സതീശന്‍ ഉമ്മാക്കിയൊന്നുമല്ലെന്നും കോണ്‍ഗ്രസ്‌ പറഞ്ഞ്‌ സതീശനെ വലിയ ആളാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണപാളികവര്‍ച്ചകേസില്‍ കുറ്റവാളികളാരായാലും ശിക്ഷിക്കപ്പെടണം. കോടതി ജാഗ്രതയോടെ മുന്നോട്ടുപോകുന്നുണ്ട്‌. തൊണ്ടിമുതല്‍ കണ്ടെടുക്കയും വേണം. ഭരണതുടര്‍ച്ച സംബന്ധിച്ച വിഷയങ്ങളിലോ മന്ത്രി സജി ചെറിയാന്റെ കാര്യത്തിലോ മറുപടിയില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Ads by Google
Wednesday 21 Jan 2026 11.33 PM
YOU MAY BE INTERESTED