Wednesday, March 18, 2026 Last Updated 35 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

വിശ്വാസനിറവില്‍ അര്‍ത്തുങ്കല്‍ തിരുനാള്‍ പ്രദക്ഷിണം

ചേര്‍ത്തല: അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ തിരുനാള്‍ പ്രദക്ഷിണം ഭക്‌തിസാഗരമായി. പ്രമുഖ തീര്‍ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസലിക്കയിലെ പ്രധാന തിരുനാള്‍ ദിനമായിരുന്ന ഇന്നലെ വൈകിട്ട്‌ പ്രദക്ഷിണത്തിനായി വീഥിക്ക്‌ ഇരുവശവും തിങ്ങിനിറഞ്ഞത്‌ ഭക്‌തസഹസ്രങ്ങള്‍.
ആഘോഷമായ ദിവ്യബലിക്ക്‌ ശേഷം ആചാര വെടി മുഴങ്ങി. തുടര്‍ന്ന്‌ റെക്‌ടര്‍ ഡോ. യേശുദാസ്‌ കാട്ടുങ്കല്‍ തയ്യില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. പ്രദക്ഷിണത്തിനായി വിശുദ്ധന്റെ തിരുസ്വരൂപം പള്ളിയില്‍നിന്ന്‌ പുറത്തേക്ക്‌ ഇറക്കിയതോടെ വിശ്വാസികളുടെ നാവില്‍നിന്ന്‌ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉയര്‍ന്നു. ആകാശത്ത്‌ ചെമ്പരുന്ത്‌ വട്ടമിട്ടു പറന്നു.
പ്രദക്ഷിണത്തിന്റെ മുന്നിലായി ഇടവക പതാക, കുരിശുകള്‍ വഹിക്കുന്നവരും വൈദികരും ദര്‍ശന സമൂഹവും അണിനിരന്നു. റോഡിന്‌ ഇരുവശവും കാത്തുനിന്ന വിശ്വാസികള്‍ വെറ്റിലയും, മലരും, പൂക്കളും വാരിവിതറി വിശുദ്ധന്‌ വീഥിയൊരുക്കി. തേരിന്റെ ആകൃതിയിലുള്ള രൂപക്കൂട്ടില്‍ സ്‌ഥാപിച്ചുള്ള വിശുദ്ധന്റെ തിരുസ്വരൂപത്തിന്‌ പിന്നിലായി വിശ്വാസികള്‍ കൂട്ടത്തോടെ അണിനിരന്നതോടെ തീരദേശ റോഡ്‌ ജനസമുദ്രമായി. പ്രദക്ഷിണം കടപ്പുറത്തെ കുരിശടി ചുറ്റി ദേവാലയത്തിലെത്താന്‍ മണിക്കുറുകളെടുത്തു.
ഫാ. സെബാസ്‌റ്റ്യന്‍ ഷാജി ചുള്ളിക്കല്‍, ഫാ. സെബാസ്‌റ്റ്യന്‍ ജൂഡോ മൂപ്പശേരില്‍, ഫാ. സെബാസ്‌റ്റ്യന്‍ സന്തോഷ്‌ പുളിക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
റെക്‌ടര്‍ ഫാ. ഡോ. യേശുദാസ്‌ കാട്ടുങ്കല്‍ തയ്യില്‍, സഹവികാരിയായ ഫാ. ജോസഫ്‌ അല്‍ഫോന്‍സ്‌ കൊല്ലംപറമ്പ്‌, ഫാ. ജീസണ്‍ ജോസ്‌ചീറ്റാന്തറ, ഫാ. ടിനു തോമസ്‌ പടവുപുരയ്‌ക്കല്‍, ഫാ. ജോയല്‍ ജോളി, കൈക്കാരന്മാര്‍, പള്ളി കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പ്രദക്ഷിണത്തിന്‌ നേതൃത്വം നല്‍കി.
രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ ആലപ്പുഴ രൂപതാ മെത്രാന്‍ റൈറ്റ്‌ റവ. ഡോ. ജയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മ്മികനായി. 27ന്‌ എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED