കൊച്ചി: ലീലാവതി ടീച്ചര്‍ കേരളത്തിന്റ മാത്രമല്ല, രാജ്യത്തിന്റെ തന്നെ അഭിമാനമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കെ.പി.സി.സി. ഏര്‍പ്പെടുത്തിയ പ്രിയദര്‍ശിനി പുരസ്‌കാരം എം. ലീലാവതിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ലീലാവതിയുടെ വീട്ടിലെത്തിയാണു പുരസ്‌കാരം സമ്മാനിച്ചത്.
ലീലാവതി ടീച്ചറെ ആദരിക്കാനായത് ജീവിതത്തിലെ വലിയ ബഹുമതിയായി കാണുന്നുവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. ആദ്യമായി കണ്ടപ്പോല്‍ എന്താണു ചെയ്‌തതെന്ന് ചോദിച്ചപ്പോള്‍ അവരുടെ ദൈനംദിന കാര്യങ്ങള്‍ പറഞ്ഞു. 98 വയസുള്ള ടീച്ചറുടെ ദിനചര്യ ഇവിടെയുള്ള ആര്‍ക്കും ഉണ്ടാവില്ല. പുലര്‍ച്ച മൂന്നിന് എഴുന്നേല്‍ക്കുമെന്നാണു ടീച്ചര്‍ പറഞ്ഞത്. ആദ്യം വായനയിലേക്കും പിന്നീട് എഴുത്തിലേക്കും കടക്കും. എന്താണ് എഴുതുന്നതെന്നു ചോദിച്ചപ്പോള്‍ ലോകത്തിലെ ജാതി സംബന്ധിച്ച കാര്യങ്ങളെ കുറിച്ചുള്ള പുസ്‌തകമാണ് എഴുതുന്നതെന്നു പറഞ്ഞു.നിശബ്‌ദതയുടെ സംസ്‌കാരം രാജ്യമെങ്ങും വ്യാപിക്കുകയാണ്. എതിര്‍ക്കേണ്ട കാര്യങ്ങളില്‍ പോലും ശബ്‌ദം ഉയരുന്നില്ല. ആര്‍ത്തിയുടെ രാഷ്‌ട്രീയമാണു നിശബ്‌ദതയുടെ രാഷ്‌ട്രീയം. എല്ലാവര്‍ക്കും ഊര്‍ജമാണു ലീലാവതി ടീച്ചറുടെ ജീവിതം. ഈ രാജ്യം മുഴുവന്‍ ടീച്ചറെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ടീച്ചര്‍ക്ക് നൂറു വയസാകുന്നതു കേള്‍ക്കാന്‍ എല്ലാവരും കാത്തിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നു എം. ലീലാവതി പറഞ്ഞു. രാഹുലും പ്രിയങ്കയും രാജ്യത്തിന്റെ കൂടുതല്‍ പ്രധാന സ്‌ഥാനങ്ങളില്‍ എത്തട്ടെയെന്ന് ആശംസിക്കുന്നുവെന്നും ലീലാവതി പറഞ്ഞു. അതുകാണാന്‍ താന്‍ ചിലപ്പോള്‍ ഉണ്ടായെന്നു വരില്ല. പക്ഷെ താന്‍ അതു ഭാവനയില്‍ കാണുന്നു. അങ്ങനെ സംഭവിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും അവര്‍ പറഞ്ഞു.