Wednesday, March 18, 2026 Last Updated 15 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.24 AM

സജി ചെറിയാന്റെ പ്രസ്‌താവനയ്‌ക്കെതിരേ യൂത്ത്‌ കോണ്‍ഗ്രസിന്റെ പരാതി

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടായോയെന്ന്‌ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര്‌ നോക്കിയാല്‍ അറിയാമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്‌താവനക്കെതിരേ ഡി.ജി.പിക്കു പരാതി നല്‍കി യൂത്ത്‌ കോണ്‍ഗ്രസ്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന വര്‍ക്കിങ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിലാണു പരാതി നല്‍കിയത്‌. സജി ചെറിയാന്‍ സത്യപ്രതിജ്‌ഞാലംഘനം നടത്തിയെന്നാണു പരാതിയിലെ ആരോപണം. മതസ്‌പര്‍ധ വളര്‍ത്തുന്ന പ്രസ്‌താവനയാണിതെന്നും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു.
സജി ചെറിയാന്‍ ആര്‍.എസ്‌.എസ്‌ ഏജന്റാണെന്നു ബിനു ചുള്ളിയില്‍ ആലപ്പുഴയില്‍ പറഞ്ഞു. സംഘപരിവാര്‍ ഭരണഘടനയ്‌ക്കെതിരാണ്‌. സജി ചെറിയാന്‍ ഭരണഘടനയെക്കുറിച്ചു പറഞ്ഞത്‌ എന്താണെന്നറിയാമല്ലോയെന്നും ബിനു കൂട്ടിച്ചേര്‍ത്തു. കന്യാസ്‌ത്രീകളെ ആക്രമിക്കുന്ന ഹനുമാന്‍ സേനക്കാരുടെ മാനസികാവസ്‌ഥയിലേക്ക്‌ കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി മാറി. ചെങ്ങന്നൂരിലെ പത്ത്‌ വോട്ടിനായി സാമുദായിക ധ്രുവീകരണത്തിനു ശ്രമിക്കുകയാണ്‌. ചെങ്ങന്നൂര്‍ ഡീലാണോ സംസ്‌ഥാനതല ഡീലാണോ ഇതെന്ന്‌ മുഖ്യമന്ത്രിയും സജി ചെറിയാനും പറയണം. സുകുമാരനെയും സ്‌മിജി ഉണ്ണികൃഷ്‌ണനെയും പോലുള്ള ജനപ്രതിനിധികള്‍ മലപ്പുറത്തുണ്ട്‌.
എന്നിട്ടും ഇത്തരത്തിലുള്ള പ്രസ്‌താവന നടത്തിയത്‌ സാമുദായിക ധ്രുവീകരണത്തിനു വേണ്ടിയാണെന്ന്‌ ഉറച്ചു വിശ്വസിക്കുന്നു. ആര്‍.എസ്‌.എസ്‌ വോട്ടുകള്‍ വാങ്ങാന്‍ സജി ചെറിയാനെയും വി.എന്‍ വാസവനെയുമാണ്‌ പിണറായി വിജയന്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ബിനു കുറ്റപ്പെടുത്തി.

'മന്ത്രിയുടെ വാക്കുകള്‍ ഓത്തിച്ചാലിലെ അഴുക്കുവെള്ളം'
മലപ്പുറം: മലപ്പുറത്തും കാസര്‍കോഡും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരേ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എ.പി. സ്‌മിജി. മന്ത്രിയുടെ വാക്കുകള്‍ ഓത്തിച്ചാലിലെ അഴുക്കുവെള്ളം മാത്രമാണെന്ന്‌ അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഹൃദയത്തെ ശുദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം മതേതര കേരളം ചികിത്സാക്കുറിപ്പടി എഴുതിത്തരുമെന്നുമാണ്‌ സാമൂഹിക മാധ്യമത്തിലൂടെ സ്‌മിജിയുടെ വിമര്‍ശനം. 'മുറിവൈദ്യം കൊണ്ടൊന്നും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന രോഗമല്ല സി.പി.എമ്മിനെ ബാധിച്ചിട്ടുള്ളത്‌. സി.പി.എമ്മില്‍നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക്‌ തടയാനാണോ സജി ചെറിയാന്‍ മുസ്ലിം വിരുദ്ധ പ്രസ്‌താവന നടത്തുന്നതെന്നു തോന്നിപ്പോകുന്നു. ലീഗിനുമേലുള്ള വര്‍ഗീയ ആരോപണം പൂരപ്പറമ്പിലെ സീസണ്‍ കച്ചവടം പോലെയാണ്‌. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളുടെ ലിസ്‌റ്റ് കണ്ണടവച്ച്‌ നോക്കുന്നതു നന്നാവും. അപ്പോഴേ കാണാത്തത്‌ കാണൂ. കണ്ടിട്ടും കാണാത്തതുപോലെ നടിക്കുന്നവര്‍ക്ക്‌ ഇവിടെ മരുന്നില്ല. അവര്‍ വര്‍ഗീയത പറഞ്ഞുനടക്കും-സ്‌മിജി പറഞ്ഞു.

Ads by Google
Tuesday 20 Jan 2026 12.24 AM
YOU MAY BE INTERESTED