Wednesday, March 18, 2026 Last Updated 16 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.33 PM

കാലത്തിന്റെ നീതിയെന്ന്‌ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും

ചേര്‍ത്തല/ചങ്ങനാശേരി: എസ്‌.എന്‍.ഡി.പി-എന്‍.എസ്‌.എസ്‌. ഐക്യം കാലത്തിന്റെ നീതിയെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും.
ഐക്യം ജനം ആഗ്രഹിക്കുന്നുണ്ടെന്നും 21-ന്‌ ആലപ്പുഴയില്‍ ചേരുന്ന എസ്‌.എന്‍.ഡി.പി. യോഗം നേതാക്കളുടെ യോഗം എന്‍.എസ്‌.എസുമായുള്ള ഐക്യം ചര്‍ച്ച ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍ന്ന്‌ എന്‍.എസ്‌.എസുമായുള്ള ചര്‍ച്ച ഉള്‍പ്പെടെ കൂടുതല്‍ കാര്യങ്ങള്‍ പറയും. ഒരു സമുദായത്തിന്റെയും അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുക്കാനല്ല ശ്രമിക്കുന്നത്‌. ഹിന്ദു വിഭാഗങ്ങള്‍ ഭിന്നിച്ചു നില്‍ക്കുന്നത്‌ കാലഘട്ടത്തിന്‌ അനുയോജ്യമല്ല. എസ്‌.എന്‍.ഡി.പിയെ എന്‍.എസ്‌.എസുമായി തെറ്റിച്ചത്‌ ലീഗ്‌ നേതൃത്വമാണ്‌. അവര്‍ തന്നെ വര്‍ഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സംവരണത്തിനായി മുസ്ലിം ലീഗ്‌ നേതൃത്വം എസ്‌.എന്‍.ഡി.പി. യോഗത്തെ മുന്‍നിര്‍ത്തി സമരങ്ങള്‍ ചെയ്‌തു. സംവരണം എന്നു പറഞ്ഞ്‌ തന്നെ കൊണ്ടുപോകുകയായിരുന്നു. എന്നാല്‍, ഭരണം ലഭിച്ചിട്ടും എസ്‌.എന്‍.ഡി.പിക്ക്‌ ഒന്നും ലഭിച്ചില്ല. യു.ഡി.എഫാണ്‌ ചതിച്ചതെന്ന്‌ താന്‍ എവിടെയും പറഞ്ഞിട്ടില്ല. താനും എന്‍.എസ്‌.എസ്‌. നേതൃത്വവും ഫോണില്‍ പോലും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും ഒന്നിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമെന്ന്‌ ജി. സുകുമാരന്‍ നായരും പറഞ്ഞു. മുന്‍പുണ്ടായിരുന്ന ഐക്യനീക്കം തടഞ്ഞതു മുസ്ലിം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം തള്ളി. അന്നു സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ്‌ ഐക്യത്തിനു തടസമായത്‌. ഇപ്പോള്‍ അത്തരം തടസങ്ങളില്ല. വെള്ളാപ്പള്ളിക്കും വീഴ്‌ചകള്‍ പറ്റിയിട്ടുണ്ടാകാം.
അടിസ്‌ഥാന മൂല്യങ്ങള്‍ നഷ്‌ടപ്പെടാതെ രാഷ്‌ട്രീയമില്ലാത്ത സമദൂര നിലപാടില്‍ എന്‍.എസ്‌.എസ്‌ ഉറച്ചുനില്‍ക്കും. ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രവര്‍ത്തിക്കില്ല. എന്‍.എസ്‌.എസിനു പാര്‍ലമെന്ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലിം വിരോധിയല്ല. ലീഗിനെതിരേ പറഞ്ഞാല്‍ അത്‌ മുസ്ലിംകള്‍ക്കെതിരേ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ്‌ എന്നാല്‍ മുഴുവന്‍ മുസ്ലിം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Sunday 18 Jan 2026 11.33 PM
YOU MAY BE INTERESTED