Wednesday, March 18, 2026 Last Updated 14 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

ചിന്നക്കനാല്‍ ഭൂമിയിടപാട്‌ :കുഴല്‍നാടനെ ചോദ്യംചെയ്‌തു

uploads/news/2026/01/821367/k2.jpg

തിരുവനന്തപുരം; ഇടുക്കി ചിന്നക്കനാലില്‍ നിയമം ലംഘിച്ച്‌ ഭൂമി വാങ്ങിയെന്ന കേസില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ. മാത്യു കുഴല്‍നാടനെ വിജിലന്‍സ്‌ ചോദ്യംചെയ്‌തു. തിരുവനന്തപുരം വിജിലന്‍സിന്റെ പൂജപ്പുര സ്‌പെഷല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ്‌1 ആണ്‌ എം.എല്‍.എയെ വിളിച്ചുവരുത്തിയത്‌. എസ്‌.പി: അമ്മിണിക്കുട്ടന്റെ മേല്‍നോട്ടത്തില്‍
ഡിവൈ.എസ്‌.പി: വിനുകുമാര്‍ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഭൂമിയിടപാടില്‍ നിയമവിരുദ്ധതയില്ലെന്ന നിലപാടാണ്‌ ചോദ്യംചെയ്യലില്‍ കുഴല്‍നാടന്‍ സ്വീകരിച്ചത്‌.
2021ല്‍ റവന്യൂ രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ്‌ ഭൂമി വാങ്ങിയതെന്നും അന്ന്‌ കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആധാരത്തില്‍ വില കുറച്ച്‌ കാണിച്ചിട്ടില്ലെന്നും പുറമ്പോക്ക്‌ ഭൂമി കൈയേറിയെന്ന ആരോപണം
അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, ചിന്നക്കനാലില്‍ 53.5 സെന്റ്‌ അധിക ഭൂമി കൈവശം വെച്ചുവെന്ന കണ്ടെത്തല്‍ എം.എല്‍.എ വിജിലന്‍സിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. കേസിലെ 16ാം പ്രതിയാണ്‌ കുഴല്‍നാടന്‍. പുറമ്പോക്ക്‌ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്ന അറിവോടെ ഭൂമി വിലയ്‌ക്ക് വാങ്ങിയതെന്നാണ്‌ വിജിലന്‍സ്‌ പറയുന്നത്‌. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ കുഴല്‍നാടന്‍ അടക്കമുള്ളവര്‍ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.
ചിന്നക്കനാലിലെ റിസോര്‍ട്ട്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സ്മെന്റ്‌
ഡയറക്‌ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്‌. സാമ്പത്തിക ഇടപാടുകളില്‍
കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടോയെന്നാണ്‌ ഇ.ഡി പരിശോധിക്കുന്നത്‌.
വിജിലന്‍സ്‌ മൊഴി കൂടി രേഖപ്പെടുത്തിയതോടെ കേസിലെ തുടര്‍നടപടികള്‍ വേഗത്തിലാകുമെന്ന സൂചനയാണ്‌ ലഭിക്കുന്നത്‌. ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ വിജിലന്‍സ്‌.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED