Wednesday, March 18, 2026 Last Updated 14 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.36 PM

സംസ്‌ഥാന സര്‍ക്കാരിനു കേന്ദ്രപദ്ധതി വേണ്ട, കടം മതി: ജോര്‍ജ്‌ കുര്യന്‍

കോട്ടയം: കേന്ദ്രപദ്ധതി വേണ്ട, കടം മതിയെന്ന നിലപാടിലാണു സംസ്‌ഥാന സര്‍ക്കാരെന്ന്‌ കേന്ദ്രമന്ത്രി ജോര്‍ജ്‌ കുര്യന്‍. കേരളം ആശങ്കാജനകമായ കടക്കെണിയിലേക്കു മാറുകയാണ്‌. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഒന്നരലക്ഷം കോടിയോളമായിരുന്ന സംസ്‌ഥാനത്തിന്റെ കടം പത്തുവര്‍ഷംകൊണ്ട്‌ അഞ്ചുലക്ഷം കോടിയോളം രൂപയായെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രപദ്ധതികള്‍ നടപ്പാക്കി സാമ്പത്തികപ്രശ്‌നം തരണം ചെയ്യാന്‍ സംസ്‌ഥാനം ശ്രമിക്കുന്നില്ല. തമിഴ്‌നാടും ആന്ധ്രയുമുള്‍പ്പെടെ കേന്ദ്രപദ്ധതികള്‍ സമര്‍ഥമായി വിനിയോഗിക്കുന്നു. എന്നാല്‍ അതുവേണ്ട, കടം മതിയെന്ന നിലപാടിലാണു സംസ്‌ഥാന സര്‍ക്കാര്‍. രാജ്യത്തിന്റെ പുരോഗതിയും വികസനവും മാത്രം ലക്ഷ്യമിട്ടു നീങ്ങുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇച്‌ഛാശക്‌തിയാണ്‌ പി.എം വികസിത്‌ ഭാരത്‌ റോസ്‌ഗാര്‍ യോജനയില്‍ ദൃശ്യമാകുന്നതെന്നും ജോര്‍ജ്‌ കുര്യന്‍ പറഞ്ഞു.
തൊഴില്‍ബന്ധിത പ്രോത്സാഹന പദ്ധതിയായ പി.എം വികസിത്‌ ഭാരത്‌ റോസ്‌ഗാര്‍ യോജന യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌. തൊഴിലുറപ്പ്‌ ദിനങ്ങള്‍ വര്‍ധിപ്പിച്ചതുള്‍പ്പടെ അടിസ്‌ഥാന ജനവിഭാഗത്തിനു കരുത്തു പകര്‍ന്നത്‌ വികസിത്‌ ഭാരത്‌ സങ്കല്‍പ്പത്തിലൂന്നിയ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ്‌. തൊഴിലുറപ്പ്‌ 100 ദിവസമാക്കിയതും അടുത്തയിടെ 125 ലേക്കു വര്‍ധിപ്പിച്ചതും മോദി സര്‍ക്കാരാണ്‌. 2013 വരെ 36 പ്രവര്‍ത്തിദിനവും 162 രൂപ ദിവസക്കൂലിയുമായിരുന്നു. പ്രതിദിന കൂലി ഇപ്പോള്‍ 369 രൂപയാണ്‌. 1,51,000 കോടി രൂപ പദ്ധതിക്കു മാത്രമായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തുന്നുണ്ട്‌. ഗ്രാമീണ മേഖലയുടെ അടിസ്‌ഥാന വികസനമാണു ലക്ഷ്യം. വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്‌ഥാനങ്ങള്‍ക്ക്‌ അതിനനുസൃതമായാണു പദ്ധതി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബി.ജെ.പി കോട്ടയം വെസ്‌റ്റ് ജില്ലാ അധ്യക്ഷന്‍ ലിജിന്‍ലാല്‍, ജനറല്‍ സെക്രട്ടറിമാരായ എസ്‌. രതീഷ്‌, എന്‍.കെ. ശശികുമാര്‍, ജയസൂര്യന്‍ തുടങ്ങിയവര്‍ കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Ads by Google
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED