കുറവിലങ്ങാട്: മാര്‍തോമ്മാ നസ്രാണികളുടെ ശ്രേഷ്‌ഠ പാരമ്പര്യമായ 'ബാവുസ നമസ്‌കാരം' വീണ്ടെടുത്ത് കുറവിലങ്ങാട് ഇടവക. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ മൂന്ന് നോമ്പ് തിരുനാളിന്റെ പ്രധാനദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ബാവുസ നമസ്‌കാരം പുനരാംരിക്കാനുള്ള കുറവിലങ്ങാടിന്റെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിച്ചത്.
ഈ ആഹ്വാനം ആര്‍ച്ച്‌പ്രീസ്‌റ്റ് ഫാ.ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തില്‍ ഇടവകയൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. 'നിനവേക്കാരുടെ യാചന' എന്നറിയപ്പെടുന്ന ബാവുസ നമസ്‌കാരം മൂന്ന് നോമ്പ് തിരുനാളിന്റെ പ്രധാന ആചാരമായിരുന്നു. പൗരസ്‌ത്യസഭകളെല്ലാം ഏറെ പ്രാധാന്യത്തോടെ ആചരിക്കുന്ന മൂന്ന് നോമ്പിന്റെ എല്ലാദിവസങ്ങളിലും പള്ളിയിലിരുന്ന് പ്രാര്‍ത്ഥനകളും ഗീതങ്ങളുമായി പള്ളിയെ പൂര്‍ണ്ണസമയം പ്രാര്‍ത്ഥനയില്‍ നിറച്ചിരുന്നു.
യൗനാന്‍ നിവ്യാ നിനവേയിലെത്തി കര്‍ത്താവിന്റെ സന്ദേശം പ്രഘോഷിച്ചതിന്റെ ഫലമായി നിനവേ നിവാസികള്‍ അനുതപിച്ച് ചാക്കുടത്ത് ചാരം പൂശി ദൈവത്തിന്റെ കരുണ യാചിച്ചതിന്റെ ഓര്‍മ്മ മൂന്ന് നോമ്പില്‍ പ്രത്യേകം അനുസ്‌മരിയ്‌ക്കുന്നുണ്ട്. മൂന്ന് നോമ്പിന്റെ മൂന്ന് ദിനങ്ങളിലും പള്ളിയില്‍ ഭജനയിരുന്ന് പൗരസ്‌ത്യപിതാക്കന്മാരുടെ പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള നമസ്‌കാരങ്ങള്‍ ചൊല്ലുന്നത് മാര്‍ത്തോമ്മാ നസ്രാണികളുടെ പാരമ്പര്യശൈലിയായിരുന്നു. ഈ ശൈലി പതിറ്റാണ്ടുകളായി നിലച്ചുപോയിരുന്നതാണ് ഇപ്പോള്‍ വീണ്ടെടുക്കുന്നത്. പുരാതന സുറിയാനി ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന രീതിയില്‍ രണ്ടുനേരമായാണ് ഓരോ ദിവസവും നമസ്‌കാരം ചിട്ടിപ്പെടുത്തിയിരിക്കുന്നത്. രാവിലെയും വൈകുന്നേരവുമായാണ് നമസ്‌കാരം നടത്തുന്നത്. ഒട്ടേറെദിവസങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെയാണ് നമസ്‌കാരത്തിനുള്ള പ്രാര്‍ത്ഥനകള്‍ ചിട്ടപ്പെടുത്തിയത്.