Wednesday, March 18, 2026 Last Updated 16 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.55 AM

ശിഷ്യയിലൂടെ അധ്യാപിക നേടിയത്‌ സ്വപ്‌നസാഫല്യം

uploads/news/2026/01/821240/3.jpg

പതിറ്റാണ്ടു കാലമായി മനസിന്റെ ഉരക്കല്ലില്‍ നിരന്തരം തേച്ചുമിനുക്കിയ കഥയും പാട്ടും പകര്‍ന്നു നല്‍കി അധ്യാപിക ശിഷ്യയിലൂടെ നേടിയത്‌ 'എ' ഗ്രേഡിന്റെ തിളക്കം. കോട്ടയം ചെങ്ങനാശേരി വാഴപ്പള്ളി സെന്റ്‌ തെരാസാസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ലയ മരിയ ജോസഫിന്റെ ശിക്ഷണത്തിലെത്തിയ ഇതേ സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി നിലു മേരി ഫിനുവുവാണ്‌ കഥാപ്രസംഗം ഹയര്‍ സെക്കണ്ടറി വിഭാഗം മത്സരത്തില്‍ സദസിന്റെ മനം കവര്‍ന്നത്‌. 1971 ലെ ഇന്ത്യാ- പാക്‌ യുദ്ധത്തിനിടെ ഇന്ത്യന്‍ നാവികസേനയ്‌ക്ക് നേരിട്ട വലിയ നഷ്‌ടമായ ഐ.എന്‍.എസ്‌. ഖുക്രി എന്ന യുദ്ധ കപ്പലിന്റെ തകര്‍ച്ചയാണ്‌ നിലു മേരി ഫിനു ഭാവ തീവ്രതയോടെ വൈകാരികമായി അരങ്ങില്‍ അവതരിപ്പിച്ചത്‌.
ഒരു പതിറ്റാണ്ട്‌ മുമ്പ്‌ എട്ട്‌ മുതല്‍ 12 വരെയുളളക്ല ാസുകളില്‍ പഠനം തുടരവേ ലയ മരിയ ജോസഫ്‌ ഇതേ കഥാപ്രസംഗം സംസ്‌ഥാന കലോത്സവ വേദികളില്‍ തുടര്‍ച്ചയായി അവതരിച്ചെങ്കിലും ഒന്നാം സ്‌ഥാനമെന്ന മോഹം ബാക്കിയായി തന്നെ നിന്നു. ഉപരിപഠനങ്ങള്‍ക്ക്‌ ശേഷം സുവോളജി അധ്യാപികയായി വാഴപ്പള്ളി സെന്റ്‌ തെരാസാസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയതില്‍ പിന്നെയാണ്‌ മോഹം വീണ്ടുമുണര്‍ന്നത്‌. മത്സരത്തിനായി തനിക്ക്‌ പകരക്കാരിയെ കണ്ടെത്താനായി ശ്രമം. സ്‌കൂള്‍ പ്രാര്‍ത്ഥനാവേളയില്‍ കേട്ട വേറിട്ട ശബ്‌ദത്തിനുടമയെ കണ്ടെത്തി പരിശീലനം.
അഞ്ച്‌ വര്‍ഷക്കാലം തുടര്‍ച്ചയായി കലോത്സവ വേദികളില്‍ ആവര്‍ത്തിച്ച പറഞ്ഞ കഥയും പാട്ടും ടീച്ചര്‍ക്ക്‌ വള്ളിപുള്ളി വിടാതെ മനപാഠമായതത്രയും ശിക്ഷയും ഹൃദ്വിസ്‌ഥമാക്കി. ആപത്‌ ഘട്ടത്തില്‍ തന്റെ ജീവന്‍ പോലും അവഗണിച്ച്‌ കപ്പലിലെ നാവികരെ രക്ഷിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ കപ്പലിനൊപ്പം ജലസമാധി അടയുകയും ചെയ്‌ത ക്യാപ്‌റ്റന്‍ മഹേന്ദ്രനാഥ്‌ മുള്ളയുടെ സമാനതകളില്ലാത്ത ധീരതയിലൂടെയാണ്‌ കഥാ പ്രസംഗ വേദിയില്‍ നിലു മേരി ഫിനു ചരിത്രത്തെ വീണ്ടും നിറഞ്ഞ സദസിലേക്ക്‌ കുടഞ്ഞിട്ടത്‌. യുദ്ധഭീതി നിഴലിക്കുന്ന സമകാലികതയില്‍ വികാരവായ്‌പോടെ തന്നെ വിഷയത്തില്‍ സംവദിക്കാനും നിലുവിന്‌ സാധിച്ചു.

Ads by Google
Saturday 17 Jan 2026 10.55 AM
YOU MAY BE INTERESTED