Wednesday, March 18, 2026 Last Updated 15 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.53 AM

ഭക്ഷ്യ കുംഭകോണം: സപ്ലൈ ഓഫീസറെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്‌

മൂവാറ്റുപുഴ: കോവിഡ്‌ മഹാമാരി സമയത്ത്‌ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി കൊച്ചിന്‍ റിഫൈനറി അനുവദിച്ച സി.എസ്‌.ആര്‍. ഫണ്ട്‌ തിരിമറി നടത്തിയെന്ന പരാതിയില്‍ കുന്നത്ത്‌നാട്‌ താലൂക്ക്‌ സപ്ലൈ ഓഫീസറായിരുന്ന ടി. സഹീറിനെ പ്രതി ചേര്‍ക്കാന്‍ മുവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു.
കേസില്‍ നാലു മാസം മുന്‍പ്‌ കുന്നത്തുനാട്‌ മുന്‍ എം.എല്‍.എയും കെ.പി.സി.സി. വൈസ്‌ പ്രസിഡന്റുമായ വി.പി. സജീന്ദ്രനെ ഒന്നാം പ്രതിയായും നമ്പ്യാട്ടുകുടി പവിഴം റൈസ്‌ ഉടമ ജോര്‍ജിനെ രണ്ടാം പ്രതിയായും കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിനാല്‍ താലൂക്ക്‌ സപ്ലെ ഓഫീസര്‍ക്കെതിരേ അന്നു കേസെടുക്കാന്‍ വിജിലന്‍സിന്‌ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്‌ത്‌ ഹര്‍ജിക്കാരനായ എന്‍.സി.പി. സംസ്‌ഥാന സെക്രട്ടറി ബി. ജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നു 90 ദിവസത്തിനകം പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ സെക്രട്ടറിക്ക്‌ ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഇതിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി എം.ജി. രാജമാണിക്യം ഗവര്‍ണറുടെ അനുമതിയോടെ താലൂക്ക്‌ സപ്ലെ ഓഫീസറെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കി. സര്‍ക്കാര്‍ ഉത്തരവ്‌ ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ്‌ ഇന്നലെ മുവാറ്റുപുഴ വിജിലന്‍സ്‌ കോടതി ജഡ്‌ജി ജി. രാജേഷ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.
കോവിഡ്‌ ദുരിതം പേറുന്നവര്‍ക്ക്‌ അരിയും മറ്റ്‌ ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നതിനാണ്‌ റിഫൈനറി സി.എസ്‌.ആര്‍. ഫണ്ടില്‍ നിന്ന്‌ നാലര ലക്ഷം അനുവദിച്ചത്‌. കോവിഡിന്‌ ശേഷം റിഫൈനറി അനുവദിച്ച തുക എങ്ങനെ ചെലവഴിച്ചുവെന്ന്‌ വ്യക്‌തമാക്കണമെന്നു ഹര്‍ജിക്കാരന്‍ ബി. ജയകുമാര്‍ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ക്ക്‌ വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. കുന്നത്തുനാട്‌ അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെട്ട എട്ട്‌ പഞ്ചായത്തുകളില്‍ അരി വിതരണം ചെയ്‌തെന്നായിരുന്നു മറുപടി. എന്നാല്‍ ഒരു പഞ്ചായത്തിലും അരി ലഭിച്ചിട്ടില്ലന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചതോടെയാണ്‌ ഭക്ഷ്യ കിറ്റ്‌ നല്‍കാതെ സാമ്പത്തിക ക്രമക്കേടു നടത്തിയെന്നു വിജിലന്‍സിനു പരാതി നല്‍കിയത്‌.്

Ads by Google
Saturday 17 Jan 2026 10.53 AM
YOU MAY BE INTERESTED