ആലപ്പുഴ: താന്‍ സി.പി.എമ്മിലേക്ക് പോകുന്നെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതിയംഗവും മുന്‍ എം.എല്‍.എയുമായ ഷാനിമോള്‍ ഉസ്‌മാന്‍ പോലീസില്‍ പരാതി നല്‍കി.
മരണം വരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്ന് ഷാനിമോള്‍ ഉസ്‌മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രചരണത്തിന് പിന്നില്‍ സി.പി.എമ്മാണെന്നും നീക്കം ദുരുദ്ദേശപരമാണെന്നും ഷാനിമോള്‍ ഉസ്‌മാന്‍ പറഞ്ഞു. സി.പി.എം ഗതികേടുകൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്.
കമ്മ്യുണിസ്‌റ്റ് കേരള എന്ന പേജ് അഡ്‌മിനെതിരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിതാവിന്റെ മരണാനന്തരചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിലായിരുന്നുവെന്നും കമ്മ്യൂണിസ്‌റ്റ് കേരള എന്ന പേജിലാണ് പോസ്‌റ്റ് കണ്ടതെന്നും ഷാനിമോള്‍ പറഞ്ഞു.
അപമാനകരമായ പോസ്‌റ്റാണ്. ഒരടിസ്‌ഥാനവുമില്ല. സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന ആശങ്ക സി.പി.എമ്മിനുണ്ട്.
സ്വര്‍ണം കട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും സാധിക്കാതെ ജനങ്ങള്‍ക്ക് മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ് കേരളത്തിലെ സി.പി.എം. അയിഷ പോറ്റിയെ വര്‍ഗ വഞ്ചകയെന്ന് വിളിച്ച സി.പി.എം ശോഭനാ ജോര്‍ജ് മുതല്‍ സരിന്‍ വരെയുള്ളരെ വര്‍ഗവഞ്ചകരായി കാണുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണത്തോടെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും ഷാനിമോള്‍ ഉസ്‌മാന്‍ പ്രതികരിച്ചു.