Wednesday, March 18, 2026 Last Updated 16 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

വാഗമണ്ണില്‍ വാന്‍ മറിഞ്ഞ്‌ അപകടം; പരുക്കേറ്റ ചെണ്ട കലാകാരന്‌ രണ്ടു കോടി നഷ്‌ടപരിഹാരം

മണ്ണഞ്ചേരി(ആലപ്പുഴ): ക്ഷേത്രത്തില്‍ ശിങ്കാരിമേളം അവതരിപ്പിച്ച്‌ മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ട്‌ അരയ്‌ക്ക്‌ താഴേയ്‌ക്ക്‌ തളര്‍ന്നു പോയ യുവാവിന്‌ രണ്ടു കോടി ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി. തണ്ണീര്‍മുക്കം വാരണം പീച്ചനാട്ട്‌വെളി വീട്ടില്‍ എം. സുധീഷ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്‌റ്റിസുമാരായ സഞ്‌ജയ്‌ കരോള്‍, നൊങ്ക്‌ മെയ്‌കപം കൊടീശ്വര്‍ സിങ്‌ എന്നിവര്‍ ഉത്തരവിട്ടത്‌.
2012 ഫെബ്രുവരി 21 നാണ്‌ നാടിനെ നടുക്കിയ അപകടം ഉണ്ടായത്‌. വാഗമണ്ണിലെ പശുപാറ മഹാദേവ ക്ഷേത്രത്തില്‍ ശിങ്കാരിമേളവും, ഗരുഡന്‍ തൂക്കവും അവതരിപ്പിച്ച്‌ മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാന്‍ ആണ്‌ വാഗമണ്‍ - ഈരാറ്റുപേട്ട റോഡില്‍ അപകടത്തില്‍പ്പെട്ടത്‌. അമിതവേഗവും ൈഡ്രവറുടെ അശ്രദ്ധയുംമൂലം വാന്‍ റോഡില്‍ നിന്ന്‌ കൊക്കയിലേക്ക്‌ മറിയുകയായിരുന്നു. അപകടത്തില്‍ നാല്‌ പേര്‍ മരിക്കുകയും സുധീഷടക്കം 19 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. പഞ്ചാരിമേള സംഘത്തിലെ അംഗമായിരുന്ന സുധീഷിന്റെ കൈകളും തളര്‍ന്നു പോയി. മുഹമ്മ, തണ്ണീര്‍മുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവരായിരുന്നു അപകടത്തില്‍പ്പെട്ട സംഘത്തില്‍ ഉണ്ടായിരുന്നത്‌.
വാന്‍ ൈഡ്രവറെ പ്രതിയാക്കി ആലപ്പുഴ എം.എ.സി.ടി. ട്രിബ്യൂണലില്‍ അഡ്വ. ജെയിംസ്‌ ചാക്കോ, ജോസ്‌ വൈ. ജെയിംസ്‌ എന്നിവര്‍ ചേര്‍ന്ന്‌ കേസ്‌ ഫയല്‍ ചെയ്‌തു. തുടര്‍ന്ന്‌ 2019 മേയ്‌ 25 ന്‌ 29,68,200 രൂപ നഷ്‌ടപരിഹാരം വിധിച്ചു.
വിധിക്കെതിരെ അഭിഭാഷകരായ എ.ടി. അനില്‍കുമാര്‍, ഷൈലജ എന്നിവര്‍ ചേര്‍ന്ന്‌ ഹൈകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തു. 2024 ല്‍ കേസില്‍ വിധി പറഞ്ഞ കോടതി 49,05,600 രൂപയായി നഷ്‌ടപരിഹാരം ഉയര്‍ത്തി. 2025 ല്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകരായ ഷിനോജ്‌ കെ. നാരായണന്‍, എ. കാര്‍ത്തിക്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ഹര്‍ജി ഫയല്‍ ചെയ്‌തത്‌. തുടര്‍ന്ന്‌ സുധീഷിന്റെ നഷ്‌ടപരിഹാര തുക 1,00,75,100 രൂപയായി ഉയര്‍ത്തി വിധിച്ചത്‌. ജില്ലാ കോടതിയും ഹൈകോടതിയും വിധിച്ച തുകകള്‍ കമ്പനി നേരത്തെ സുധീഷിന്‌ നല്‍കിയിരുന്നു. നഷ്‌ടപരിഹാര തുകയ്‌ക്ക്‌ പുറമെ 1,00,47,800 രൂപയാണ്‌ പലിശ ഇനത്തില്‍ മാത്രം കമ്പനി സുധീഷിന്‌ നല്‍കേണ്ടി വരിക. സുധീഷ്‌ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഇന്‍ഷുറന്‍സ്‌ കമ്പനിയായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്‌ ആണ്‌ നഷ്‌ടപരിഹാരം നല്‍കേണ്ടത്‌.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED