Thursday, March 19, 2026 Last Updated 14 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

'ഇതു ഞങ്ങളുടെ ജീവിതമാണ്‌; ഉള്‍ത്തുടിപ്പ്‌'

uploads/news/2026/01/820816/k7.jpg

തൃശൂര്‍: 'ഇതു ഞങ്ങളുടെ ജീവിതമാണ്‌. ജനനം, വിവാഹം, മരണം തുടങ്ങി ജീവിതത്തിലെ ഓരോ ചടങ്ങിലും കുഞ്ഞുനാള്‍ മുതല്‍ ചുവടുവച്ച്‌ വളര്‍ന്നവരാണു ഞങ്ങള്‍. സംസ്‌ഥാന കലോത്സവ വേദിയില്‍ ഞങ്ങളുടെ നൃത്തത്തെ അവതരിപ്പിക്കുമ്പോള്‍ അഭിമാനമുണ്ട്‌'... വയനാട്‌ ജില്ലയിലെ പണിയ വിഭാഗത്തിന്റെ കലാരൂപമായ പണിയ നൃത്തത്തിന്‌ ചുവടുവച്ച്‌ ആഹ്‌ളാദം പങ്കിടുകയായിരുന്നു വയനാട്‌ മാനന്തവാടി ജി.വി.എച്ച്‌.എസ്‌.എസിലെ കുട്ടികള്‍.
പണിയ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നതിനാല്‍ തന്നെ ഓര്‍മ്മ വച്ചതുമുതല്‍ കണ്ടുംകേട്ടും വളര്‍ന്നതിന്റെ ആത്മവിശ്വാസവും അനായസതയും ഓരോ ചുവടിലും പ്രതിഫലിച്ചു. പണിയര്‍ക്ക്‌ ഈ കലാരൂപം വെറുമൊരു നൃത്ത രൂപമല്ല. ഊരുകളില്‍ തുടിയും ചീനിയും കൊട്ടി രാപകല്‍ ഭേദമില്ലാതെ ജനനത്തിലും മരണത്തിലും തുടങ്ങി ഞാറു നടുമ്പോഴും കാത്‌ കുത്തുമ്പോഴും സന്തോഷത്തിലും സങ്കടത്തിലും പാടിക്കൊണ്ടേ ഇരിക്കും. പാട്ടിനൊത്ത്‌ താനേ ശരീരത്തില്‍ താളവും വരും. ഏറ്റവും സന്തോഷമുള്ള സമയത്ത്‌ അവതരിപ്പിക്കുന്ന വട്ടക്കളിയില്‍ പോലും വളരെ പതിഞ്ഞ ചുവടുകള്‍. അവരുടെ ജീവിതത്തിലെ പോലെ തന്നെ മിതത്വം കാലപ്രകടനത്തിലും കാണാം.
ഗോത്രകലകളെ സ്‌കൂള്‍ കലോത്സവ മാന്വലില്‍ ഉള്‍പ്പെടുത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന്‌ കുട്ടികള്‍ പറയുന്നു. ഗോത്രകലകള്‍ അന്യംനിന്ന്‌ പോവാതെ പൊതു സമൂഹത്തിന്‌ മുന്നിലേക്ക്‌ നല്ല ദൃശ്യത കിട്ടുന്നു എന്നത്‌ മാത്രമല്ല കലോത്സവത്തിലെ മറ്റു ഇനങ്ങളുമായി സംസ്‌ഥാന തലംവരെ എത്താന്‍ സാധാരണ കഴിയാറില്ല. പഠിച്ചെടുത്ത്‌ അവതരിപ്പിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകളും വലിയ രീതിയിലുള്ള പണച്ചെലവും വരുന്നതിനാല്‍ ജില്ലാ കലോത്സവങ്ങള്‍ വരെയേ എത്തിപ്പെടാറുള്ളു. ഇന്നുവരെ വയനാട്‌ ജില്ല വിട്ട്‌ വന്നിട്ടില്ലാത്തതിനാല്‍ കുട്ടികള്‍ക്ക്‌ മറ്റു നാടുകള്‍ കാണാനും കലോത്സവങ്ങള്‍ അവസരമൊരുക്കുകയാണ്‌.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED