പുതുക്കാട്: പാലിയേക്കരയില്‍ കൊച്ചി-സേലം പാചകവാതക പൈപ്പ്‌ലൈനില്‍ ചോര്‍ച്ച. ബി.പി.സി.എല്‍. പെട്രോള്‍ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികള്‍, പൈപ്പ് ലൈന്‍ മാറി എട്ടു മീറ്റര്‍ അപ്പുറത്തുള്ള കെ.എസ്.പി.പി.എല്‍. കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈനില്‍ ഡ്രില്ല് ഉപയോഗിച്ചതാണ് ചോര്‍ച്ചയ്‌ക്ക് കാരണം.
വലിയ തോതില്‍ എല്‍.പി.ജി. ചോര്‍ച്ച ഉണ്ടായതോടെ പൈപ്പ് ലൈനിന്റെ രണ്ടു വശത്തുമുള്ള വാല്‍വ് അടച്ചു. പൈപ്പ് ലൈനില്‍ തങ്ങിനിന്ന വാതകമാണ് പിന്നീടു ചോര്‍ന്നത്. പുതുക്കാട് അഗ്‌നിരക്ഷാ സേന ചോര്‍ച്ചയിലേക്കു വെള്ളം പമ്പ് ചെയ്‌തു സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചു. ചോര്‍ച്ചയുണ്ടായ മേഖലയിലെ വീടുകളിലും സ്‌ഥാപനങ്ങളിലും പോലീസും അഗ്‌നിരക്ഷാ സേനയും വില്ലേജ് ഓഫീസ് അധികൃതരും എത്തി മുന്‍കരുതല്‍ നടപടി സ്വീകരിച്ചു. വീടുകളിലും സ്‌ഥാപനങ്ങളിലും തീ ഉപയോഗിക്കുന്നതിലും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി. പൈപ്പ് ലൈന്റെ ചുമതലയുള്ള കെ.എസ്.പി.പി.എല്‍, പെട്രോളിയം കമ്പനികളായ ബി.പി.സി.എല്‍, ഐ.ഒ.സി.എല്‍. അധികൃതരും സ്‌ഥലത്തെത്തി. ഗ്യാസ് ചോര്‍ച്ച തുടരുന്നതിനിടെ മണലി-മടവാക്കര റോഡ് അടച്ച് ഗതാഗതം നിരോധിച്ചു.
പാചകവാതക പൈപ്പ് ലൈന്‍ ചോര്‍ച്ച തുടരുന്നതിനിടെ പാലിയേക്കര പഴയ ദേശീയപാതയോരത്തെ പാടത്തു തീപടര്‍ന്നത് ആശങ്ക പരത്തി. ഇന്നലെ ഉച്ചയ്‌ക്കാണു പാതയോരത്തെ വര്‍ക്ക് ഷോപ്പുകള്‍ക്കു സമീപം മാലിന്യത്തില്‍ തീ പടര്‍ന്നത്. കാറ്റിന്റെ ശക്‌തിയില്‍ തീ പാടത്തേക്കു വ്യാപിച്ചെങ്കിലും പുതുക്കാടുനിന്ന് അഗ്‌നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി. മാലിന്യ കൂമ്പാരത്തിന് ആരോ തീയിട്ടതാണെന്ന് പറയപ്പെടുന്നു.
തീപിടിത്തമുണ്ടായ പാടത്തിന് അര കിലോമീറ്റര്‍ മാറിയാണ് ഗ്യാസ് പൈപ്പ് ലൈന്‍ ചോര്‍ച്ച തുടരുന്നത്. പ്രദേശത്തെ വീട്ടുകാരെ ഒഴിപ്പിച്ചും വൈദ്യുതി ബന്ധം വിച്‌ഛേദിച്ചും അതീവ സുരക്ഷയിലാണ് പാചകവാതക ചോര്‍ച്ച നടന്ന സ്‌ഥലത്ത് അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ശക്‌തിയായ പുറന്തള്ളുന്ന ഗ്യാസ് കാറ്റിന്റെ ഗതിയില്‍ ദേശീയ പാതയോരത്തേക്കും എത്തുന്നുണ്ടെന്നു പരിസരവാസികള്‍ പറയുന്നു. ഇതിനിടെ തീപിടിത്തം ഉണ്ടായതാണ് നാട്ടുകാരെ പരിഭ്രാന്തരാക്കിയത്.