കൊച്ചി; രാഹുല്‍ മാങ്കൂട്ടം 'ഇഫക്‌ടില്‍' പെരുമ്പാവൂരിലെ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിയുടെ സീറ്റ് തെറിച്ചു. യു.ഡി.എഫിന്റെ കോട്ടയായ എറണാകുളം ജില്ലയില്‍ സീറ്റ് നഷ്‌ടപ്പെട്ട ഏക കോണ്‍ഗ്രസ് എം.എല്‍.എ. കൂടിയായി മാറുകയാണു കുന്നപ്പിള്ളി.
കുന്നപ്പിള്ളിക്കുവേണ്ടി രമേശ് ചെന്നിത്തല ശക്‌തമായി വാദിച്ചിട്ടും രക്ഷയുണ്ടായില്ല. സിറ്റിങ് എം.എല്‍.എയ്‌ക്ക് എതിരേ നിലനില്‍ക്കുന്ന ലൈംഗിക പീഡന കേസാണ് വിനയായത്. നിരപരാധിയാണെന്ന് ആണയിട്ടിട്ടും എ.ഐ.സി.സി. വഴങ്ങിയില്ല. എ, ഐ. ഗ്രൂപ്പു തര്‍ക്കവും എരിവേറ്റി. പെരുമ്പാവൂരിലെ എ ഗ്രൂപ്പ് നേതാവ് ആരോപണ വിധേയനായ കുന്നപ്പിള്ളിക്ക് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. ഐ ഗ്രൂപ്പില്‍ നിന്ന് ഒന്നിലേറെപ്പേരും സീറ്റിനായി രംഗത്തുവരികയും ചെയ്‌തു. ഒരുവിധം ഗ്രൂപ്പ് തര്‍ക്കം പരിഹരിച്ചിട്ടും കുന്നപ്പിള്ളിയുടെ കാലക്കേട് മാറാതെ കിടന്നു.
കുന്നപ്പിള്ളിക്കെതിരേ നെയ്ാറ്റിന്‍കര കോടതിയിലാണ് കേസുള്ളത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഏതാനും ആഴ്‌ചകള്‍ക്കു മുന്നേ കോടതി തള്ളിയത് കൂനിന്‍മേല്‍ കുരുവായി.
കുന്നപ്പിള്ളി വീണ്ടും മത്സരിക്കാനെത്തിയാല്‍ ആരോപണം ഉന്നയിച്ച യുവതി വീണ്ടും രംഗത്തുവന്ന് പ്രശ്‌നം വഷളാക്കാമെന്നും കോണ്‍ഗ്രസില്‍ ആശങ്കമുളച്ചു. അങ്ങനെ വന്നാല്‍ തെരഞ്ഞെടുപ്പില്‍ അതു പാര്‍ട്ടിക്ക് മൊത്തത്തില്‍ കളങ്കമാകുമെന്നുമായിരുന്നു വിലയിരുത്തല്‍. ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ് എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ വിശദീകരണവും തൃപ്‌തികരമായിരുന്നില്ല.
ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ കുന്നപ്പിള്ളി ഭാഗ്യവാനായിരുന്നു. ആദ്യതവണ തന്നെ വിജയിക്കുകയും തുടര്‍ന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുകയും ചെയ്‌തു. പി.പി. തങ്കച്ചനാണ് കുന്നപ്പിള്ളിയെ കൈപിടിച്ചുയര്‍ത്തിയത്. ജില്ലാ പഞ്ചായത്തിനുശേഷം പെരുമ്പാവൂരില്‍ 2016 ല്‍ കന്നിയങ്കത്തില്‍ വിജയം. 2021ല്‍ തുടര്‍ വിജയം നേടിക്കൊണ്ട് ശ്രദ്ധേയനായപ്പോഴാണ് ലൈംഗിക വിവാദത്തില്‍പെട്ടത്. ഇമേജ് നഷ്‌ടത്തിലും പെരുമ്പാവൂരില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമം തുടര്‍ന്നു. ഗൃഹ സമ്പര്‍ക്ക പരിപാടിയിലൂടെ മണ്ഡലത്തിലെ ഓരോ വീട്ടിലുമെത്തി പരിചയം പുതുക്കിയും പിന്തുണ അഭ്യര്‍ഥിച്ചുമായിരുന്നു ആ യാത്ര. ഇതുകൊണ്ടൊന്നും പാര്‍ട്ടി ദേശീയ നേതൃത്വത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കുന്നപ്പിള്ളിക്കായില്ല. സീറ്റിനായി ഗ്രൂപ്പുകളും എറണാകുളം അതിരൂപതയും യു.ഡി.എഫിനു മുന്നില്‍ എത്തിയത് വിഷയം വീണ്ടും വഷളാക്കി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന ഉല്ലാസ് തോമസും മനോജ് മൂത്തേടനുമാണ് സീറ്റ് മോഹികള്‍. കത്തോലിക്ക വിഭാഗത്തില്‍പ്പെടുന്ന മൂത്തേടനു പിന്നില്‍ എറണാകുളം- അങ്കമാലി അതിരൂപതയാണ്. എന്നാല്‍, യാക്കോബായ വിഭാഗത്തില്‍പ്പെട്ട ഉല്ലാസ് ഐ വിഭാഗത്തില്‍ നിന്ന് സീറ്റിനായി രംഗപ്രവേശം ചെയ്‌തു. മണ്ഡലം കാരനാണെങ്കില്‍ കൂടിയും കത്തോലിക്കാ വിഭാഗത്തിന് വലിയ ശക്‌തിയല്ലാത്തതുമൂലം മൂത്തേടന് മുറുകിപ്പിടിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ജില്ലയിലെ തന്നെ ദൂരെയുള്ള പാലക്കുഴ പഞ്ചായത്തില്‍ നിന്ന് പെരുമ്പാവൂരിലേക്ക് ഉല്ലാസ് ടിക്കറ്റെടുത്തു.