Thursday, March 19, 2026 Last Updated 46 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 11.46 PM

10 ദിവസം എം.എല്‍.എ.; സ്‌ഥാനത്യാഗത്തിന്റെ മാതൃകയായി സി. ഹരിദാസ്‌

uploads/news/2026/03/830958/k5.jpg

പൊന്നാനി; വെറും പത്ത്‌ ദിവസം മാത്രം നിയമസഭാംഗമായിരുന്ന്‌ ആര്യാടന്‍ മുഹമ്മദിന്‌ വേണ്ടി എം.എല്‍.എ. സ്‌ഥാനം രാജിവെക്കേണ്ടി വന്ന രാഷ്‌ട്രീയ നീക്കത്തെ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുകയാണ്‌ മുന്‍ രാജ്യസഭാംഗം കൂടിയായ സി. ഹരിദാസ്‌. ഏറ്റവും കുറച്ചുകാലം എം. എല്‍. എ. സ്‌ഥാനത്തിരുന്ന ഖ്യാതിക്കൊപ്പം ഇന്നും സി ഹരിദാസാണുള്ളത്‌.
1980 ലായിരുന്നു അത്‌. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആന്റണി വിഭാഗം കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ത്ഥിയായി പൊന്നാനിയില്‍ മത്സരിച്ചത്‌ ആര്യാടനായിരുന്നു. കോണ്‍ഗ്രസിലെ പിളര്‍പ്പിനെത്തുടര്‍ന്ന്‌ അന്ന്‌ ഇടതുപക്ഷത്തിനൊപ്പമായിരുന്നു കോണ്‍ഗ്രസ്‌ എ വിഭാഗം. ആര്യാടന്റെ മുഖ്യ എതിരാളി മുസ്ലിം ലീഗിലെ ജി.എം. ബനാത്ത്‌ വാല. കടുത്ത മത്സരത്തില്‍ വിജയം ബനാത്ത്‌ വാലയ്‌ക്കായിരുന്നു.
ആന്റണി കോണ്‍ഗ്രസ്‌ നേതാവ്‌ പി. കെ. മൊയ്‌തീന്‍കുട്ടിയെയാണ്‌ പൊന്നാനിയില്‍ സ്‌ഥാനാര്‍ത്ഥിയായി നിശ്‌ചയിച്ചിരുന്നത്‌. എന്നാല്‍ അവസാന നിമിഷം അദ്ദേഹം പിന്‍മാറി. നിലമ്പൂരില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ തയാറായിരുന്ന ആര്യാടന്‍ മുഹമ്മദിനെ ഇതോടെ പൊന്നാനിയില്‍ സ്‌ഥാനാര്‍ത്ഥിയായി നിശ്‌ചയിച്ചു. പൊന്നാനിയില്‍ തോറ്റാല്‍ നിലമ്പൂരില്‍നിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ അവസരം നല്‍കണമെന്ന കരാറിലാണ്‌ ആര്യാടന്‍ മത്സരിക്കാന്‍ തയാറായത്‌.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍
നിലമ്പൂരില്‍ ആന്റണി കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച പൊന്നാനിക്കാരനായ സി. ഹരിദാസ്‌ വിജയിച്ചു.
അതേസമയം, നേരത്ത പാര്‍ലമെന്റിലേക്ക്‌ മത്സരിച്ച്‌ പരാജയപ്പെട്ട ആര്യാടന്‍ മുഹമ്മദിനെ ഇടതു മുന്നണി നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍വനം വകുപ്പ്‌ മന്ത്രിയാക്കി. ഇതോടെ ആറ്‌ മാസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിവന്ന ആര്യാടന്‍ മുഹമ്മദിന്‌ വേണ്ടി ഹരിദാസ്‌ തന്റെ സ്‌ഥാനം ഫെബ്രുവരി 25ന്‌ രാജിവയ്‌ക്കുകയായിരുന്നു. പത്ത്‌ ദിവസമാണ്‌ ഹരിദാസ്‌ നിയമസഭാംഗമായിരുന്നത്‌. സംസ്‌ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറച്ചു ദിവസം നിയമസഭാംഗമായ റെക്കോര്‍ഡ്‌ ഇന്നും സി. ഹരിദാസിന്റെ പേരിലാണ്‌.

കെ.വി. നദീര്‍

Ads by Google
Wednesday 18 Mar 2026 11.46 PM
YOU MAY BE INTERESTED
Ads by Google
Ads by Google