Thursday, March 19, 2026 Last Updated 14 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

തുയിലുണര്‍ത്തി തൃശൂര്‍ ,ആദ്യ ദിനം കോഴിക്കോട്‌ മുന്നില്‍

uploads/news/2026/01/820813/k4.jpg

തൃശൂര്‍: വരാനിരിക്കുന്ന തൃശൂര്‍ പൂരത്തിന്‌ സ്വാഗതമോതും വണ്ണം കൊട്ടിക്കയറിയ പാണ്ടി മേളാരവത്തോടെ കൗമാര കലയുടെ പൂരാവേശം കൊടിയേറി. ഇതോടെ കലാ ലോകത്തിന്റെ കണ്ണും കാതും പൂര നഗരിയില്‍. സ്വരാജ്‌ റൗണ്ടും പരിസര പ്രദേശങ്ങളിലും കേന്ദ്രീകരിച്ചാണ്‌ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദികള്‍ ഒരുങ്ങിയത്‌. ഒരു നിരയില്‍ പാറമേക്കാവിന്റെ മേളപ്രമാണി കിഴക്കൂട്ട്‌ അനിയന്‍ മാരാരും സംഘവും മറുവശത്ത്‌ തിരുവമ്പാടിയുടെ മേളപ്രമാണി ചെറുശേരി കുട്ടന്‍ മാരാരും സംഘവും അണിനിരന്നാണ്‌ മേള പെരുമ തീര്‍ത്തത്‌.
കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. കലാകാരന്‍മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ്‌ അവരുടെ മതമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വേദിയായ സൂര്യകാന്തിക്ക്‌ മുമ്പില്‍ കലോത്സവ കൊടി ഉയര്‍ന്നു. ചെമ്പുക്കാവ്‌ ഹോളി ഫാമിലി കോണ്‍വെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാന്‍ഡ്‌ സെറ്റ്‌ ഊര്‍ജം പകര്‍ന്നു.
ഒന്നാംവേദിയായ സൂര്യകാന്തിയില്‍ പ്രൗഢ ഗംഭീര ഉദ്‌ഘാടന സദസിന്‌ ശേഷം അഴകുടലാര്‍ന്ന്‌ മോഹിനിമാര്‍ അണിനിരന്നു. വൈകീട്ട്‌ ആറോടെ മോഹിനിയാട്ട മത്സരശേഷം ഇതേ വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തത്തിനായി അരങ്ങുണര്‍ന്നപ്പോഴും നിറഞ്ഞു കവിഞ്ഞ സദസിനുണ്ടായില്ല മാറ്റമൊട്ടും. തേക്കിന്‍കാട്‌ മൈതാനത്തെ പാരിജാത വേദിയിലാകട്ടെ ഭരതനാട്യമുദ്രകളാടി കൗമാരം. സൂര്യന്‍ ചാഞ്ഞ്‌ അന്തിച്ചോപ്പുണരവേ ഇതേ വേദിയില്‍ മൈലാഞ്ചി മൊഞ്ചുമായി ഒപ്പന ശീലിന്‍ നാണപകര്‍ന്നാട്ടം.
കലോത്സവത്തില്‍ പുതുതായി ഉള്‍പ്പെടുത്തപ്പെട്ട ഗോത്രകലയായ പണിയ നൃത്തമാടിയ കുട്ടികള്‍ക്കാവേശം പകര്‍ന്ന്‌ നിറഞ്ഞ സദസ്‌. കുഞ്ചന്‍ നമ്പ്യാരുടെ പിന്‍ തലമുറ പ്രതീക്ഷയുടെ നാളം തീര്‍ത്ത്‌ വേദിയില്‍ നിറഞ്ഞ പകല്‍. ഹാസ്യത്തിന്‌ തിരികൊളുത്തി അകമ്പടിയായി ചാക്യാര്‍ കൂത്തും. സേക്രട്ട്‌ ഹാര്‍ട്ടിലെ നിത്യകല്യാണിയില്‍ പഞ്ചവാദ്യ മത്സരം പഞ്ചാമൃത്‌പോല്‍ നുകര്‍ന്നാണ്‌ ആസ്വാദക ലോകം ഇന്നേക്കായി പിരിഞ്ഞത്‌.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED