Thursday, March 19, 2026 Last Updated 15 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.19 AM

പൂര നഗരിയില്‍ താളമേളപെയ്‌ത്ത്

തൃശൂര്‍: ഒരു നിരയില്‍ പാറമേക്കാവിന്റെ മേളപ്രമാണി കിഴക്കൂട്ട്‌ അനിയന്‍ മാരാരും സംഘവും മറു വശത്ത്‌ തിരുവമ്പാടിയുടെ മേളപ്രമാണി ചെറുശേരി കുട്ടന്‍ മാരാരും സംഘവും.
പാണ്ടിമേളം കൊട്ടിക്കയറുന്നതിനനുസരിച്ച്‌ കൈകള്‍ വാനിലുയര്‍ന്നു താളമിട്ടു. വര്‍ണ്ണക്കുടകള്‍ മാറി മാറി അണിനിരന്നു. മേളം മുറുകിയത്തോടെ ആലവട്ടവും വെഞ്ചാമരവും വാനിലുയര്‍ന്നു. തൃശൂര്‍ പൂരത്തിന്റെ സ്‌ഥിരം സാന്നിദ്ധ്യമായ ടൈറ്റസ്‌ ചേട്ടന്‍ പതിവ്‌ പോലെ മാറിനിന്ന്‌ താളമിട്ടു. മേടമാസ ചൂടെത്തും മുന്നേ തേക്കിന്‍കാടില്‍ ഉത്സവാരവമുയര്‍ന്നു.
പൂരങ്ങളുടെ നാട്ടില്‍ പാണ്ടിമേളവും കുടമാറ്റവുമൊരുക്കിയാണ്‌ പൂരനഗരി സംസ്‌ഥാന കലോത്സവത്തെ എതിരേറ്റത്‌. കുട്ടികള്‍ക്കായി ഒരുക്കിയ മേളക്കാഴ്‌ചയെങ്കിലും പൂരപ്രേമികളും മേളപ്രേമികളും നേരത്തേ തന്നെ ഇടം പിടിച്ചു.
മേളങ്ങളുടെ പ്രമാണിമാര്‍ നയിച്ച പാണ്ടിമേളത്തില്‍ രണ്ട്‌ വിഭാഗങ്ങളിലുമായി നൂറ്റൊന്ന്‌ വാദ്യ കലാകാരര്‍ താള വിസ്‌മയം തീര്‍ത്തു.
കുഴലില്‍ വെളപ്പായ നന്ദനും വീക്കം ചെണ്ടയില്‍ പെരുവനം ഗോപാലകൃഷ്‌ണനും ഇലത്താളത്തില്‍ ഏഷ്യാഡ്‌ ശശി മാരാരും കൊമ്പ്‌ വാദ്യത്തില്‍ മച്ചാട്‌ മണികണ്‌ഠനും മേളം നയിച്ചു.
64-ാമത്‌ കലോത്സവമായതിനാല്‍ 64 വര്‍ണക്കുടകള്‍ കുടമാറ്റത്തില്‍ അണി നിരന്നു. പൂരങ്ങളുടെ നാട്ടിലെ കലോത്സവത്തിന്‌ മേളപ്പെരുക്കത്തോടെ തന്നെ ആരംഭവുമായി.

Ads by Google
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED