Thursday, March 19, 2026 Last Updated 16 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.14 AM

'ഇതെന്ത്‌ അസംബന്ധം?' ശങ്കരദാസിനെ അറസ്‌റ്റ്‌ ചെയ്യാത്തതില്‍ വിമര്‍ശനം

uploads/news/2026/01/820415/k1.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘ(എസ്‌.ഐ.ടി)ത്തിനെതിരേ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഈ സംസ്‌ഥാനത്ത്‌ എന്ത്‌ അസംബന്ധമാണ്‌ നടക്കുന്നതെന്ന്‌ ഹൈക്കോടതി ചോദിച്ചു.
ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം കെ.പി. ശങ്കരദാസിനെ എന്തുകൊണ്ടാണ്‌ അറസ്‌റ്റ്‌ ചെയ്യാത്തതെന്ന്‌ കോടതി എസ്‌.ഐ.ടിയോടു ആരാഞ്ഞു. ഒരാള്‍ കേസില്‍ പ്രതിചേര്‍ത്ത അന്നു മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും മകന്‍ എസ്‌.പി ആയതുകൊണ്ടാണോ ഇത്തരമൊരു വീഴ്‌ചയെന്നും ജസ്‌റ്റിസ്‌ എ.ബദറുദ്ദീന്‍ എസ്‌.ഐ.ടിയോടു ചോദിച്ചു. കെ.പി. ശങ്കരദാസ്‌ ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോയടക്കം ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ്‌, പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
അന്വേഷണ ഉദ്യോഗസ്‌ഥന്റെ നടപടികളോട്‌ യോജിപ്പില്ലെന്നും എസ്‌.ഐ.ടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്‌തമാക്കി. ശബരിമലയിലെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ പത്മകുമാറിന്‌ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒരു കാരണവശാലും ഒഴിയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാം ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ്‌ ദേവസ്വം ബോര്‍ഡെന്നും കോടതി ചോദിച്ചു. നേരത്തെ എസ്‌.ഐ.ടിയുടെ നടപടിയെ വിമര്‍ശിച്ച അതേ ദേവസ്വം ബെഞ്ച്‌ തന്നെയാണിപ്പോള്‍ വീണ്ടും ശങ്കരദാസിന്റെ അറസ്‌റ്റ്‌ ഉണ്ടാകാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്‌. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ്‌ നല്‍കി.
സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ. പത്മകുമാര്‍, മുരാരി ബാബു എന്നിവരുടെ ജാമ്യ ഹര്‍ജികളാണ്‌ ഇന്നലെ പരിഗണിച്ചത്‌. ജാമ്യാപേക്ഷ വിധി പറയുന്നതിനായി മാറ്റി. അതേസമയം, ഇന്നലെ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ കെ.പി. ശങ്കരദാസ്‌ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ നാളത്തേക്കു മാറ്റി.

Ads by Google
Tuesday 13 Jan 2026 12.14 AM
YOU MAY BE INTERESTED