Thursday, March 19, 2026 Last Updated 14 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.13 AM

ഭക്‌തിയുടെ നിറവില്‍ തിരുവാഭരണ ഘോഷയാത്ര

പന്തളം: ഭക്‌തിയുടെ നിറവീല്‍ തിരുവാഭരണ ഘോഷയാത്രയ്‌ക്ക്‌ തുടക്കം. ശബരിമല ശ്രീധര്‍മ്മശാസ്‌താവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്നലെ ഉച്ചയ്‌ക്ക്‌ ഒരു മണിയോടുകൂടി പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ടു. ശരണ മന്ത്രധ്വനികള്‍ക്കിടെ
ആകാശത്ത്‌ ശ്രീകൃഷ്‌ണപരുന്ത്‌ വട്ടമിട്ടതോടെ പന്തളദേശം ഭക്‌തിസാന്ദ്രമായി.
വൃശ്‌ചികം ഒന്നുമുതല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ഭക്‌തര്‍ക്ക്‌ ദര്‍ശനം നല്‍കിയ തിരുവാഭരണങ്ങള്‍ ഇന്നലെ പുലര്‍ച്ചെ നാലു മണിയോടുകൂടി എണ്ണിതിട്ടപ്പെടുത്തി രസീത്‌ വാങ്ങി കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളില്‍നിന്നും ദേവസ്വം അധികൃതര്‍ ഏറ്റുവാങ്ങി. 4.30 മുതല്‍ ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ദര്‍ശനത്തിന്‌ വച്ചു. 11.15 മുതല്‍ ഘോഷയാത്രയ്‌ക്കുള്ള ചടങ്ങുകള്‍ ആരംഭിച്ചു. വലിയ തമ്പുരാനുവേണ്ടി കൈപ്പുഴ പടിഞ്ഞാറെ മംഗളവിലാസം കൊട്ടാരത്തില്‍ രവി വര്‍മ്മ രാജ, രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണവര്‍മ എന്നിവരെ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക്‌ ആനയിച്ചു. തുടര്‍ന്ന്‌ തിരുവാഭരണ വാഹക സംഘത്തെ എതിരേറ്റു. ക്ഷേത്രത്തില്‍ മണിയൊച്ചകള്‍ മുഴങ്ങി. കൃഷ്‌ണ പരുത്ത്‌ ക്ഷേത്രത്തിന്‌ വട്ടമിട്ടു. കര്‍പ്പൂര ദീപങ്ങള്‍ പ്രഭ ചൊരിഞ്ഞു. വലിയ തമ്പുരാന്‍ വിഭൂതി നല്‍കി രാജപ്രതിനിധിയെ അനുഗ്രഹിച്ചു. അനന്തരം പൂജിച്ച ഉടവാള്‍ രാജപ്രതിനിധിക്ക്‌ കൈമാറി. തിരുവാഭരണങ്ങള്‍ ശബരിമല ക്ഷേത്രത്തില്‍ എത്തിക്കുകയും അവ ഭദ്രമായി തിരികെ എത്തിക്കണണമെന്ന രാജശാസന അടങ്ങുന്ന അനുഗ്രഹവും നല്‍കി. ക്ഷേത്രത്തിന്റെ വാതിലുകള്‍ തുറന്ന മാത്രയില്‍ തിരുവാഭരണ പേടകം മരുതവന ശിവന്‍കുട്ടിയും കൊടിപ്പെട്ടി കിഴക്കേ തോട്ടത്തില്‍ പ്രതാപചന്ദ്രനും, വെള്ളിപ്പെട്ടികുളത്തിനാല്‍ ഉണ്ണിയും ശിരസിലേറ്റി ക്ഷേത്രത്തിന്‌ വലംവച്ച്‌ മേടകല്ല്‌ താണ്ടി യാത്ര തിരിച്ചു. രാജപ്രതിനിധി പല്ലക്കില്‍ യാത്രയായി. അടൂര്‍ ഡിവൈ.എസ്‌.പി: ജി. സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ സുസജ്‌ജമായ പോലീസ്‌ സംഗവും അനുഗമിച്ചു.

നുറനാട്‌ മധു

Ads by Google
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED