Thursday, March 19, 2026 Last Updated 1 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

തന്ത്രിയുടെ അറസ്‌റ്റ്‌ മന്ത്രിയെ സംരക്ഷിക്കാന്‍: രാജീവ്‌ ചന്ദ്രശേഖര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ തന്ത്രി കണ്‌ഠര്‌ രാജീവരെ അറസ്‌റ്റ്‌ ചെയ്‌തതു സി.പി.എം. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നിലവിലെ മന്ത്രി വി.എന്‍.വാസവനെയും അതിനു മുമ്പുള്ള കോണ്‍ഗ്രസ്‌ മന്ത്രിയെയും സംരക്ഷിക്കാനാണോ എന്നു സംശയിക്കുന്നതായി ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. തന്ത്രിയുടെ അറസ്‌റ്റ്‌ ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണോയെന്നും സംശയമുണ്ട്‌. ശബരിമലയിലെ സ്വര്‍ണം സംരക്ഷിക്കേണ്ടതിന്റെയും പരിശോധിക്കേണ്ടതിന്റെയും ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനും മന്ത്രിക്കുമാണ്‌.
തന്ത്രിയെ അറസ്‌റ്റ്‌ ചെയ്യുമ്പോള്‍, എന്തുകൊണ്ടു മന്ത്രിയെ ചോദ്യം ചെയ്‌തിട്ടും അറസ്‌റ്റ്‌ ചെയ്യുന്നില്ല എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. രാഷ്‌ട്രീയ നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമമാണ്‌ സി.പി.എമ്മും കോണ്‍ഗ്രസും നടത്തുന്നത്‌. വീഴ്‌ചയാണെന്നു മുഖ്യമന്ത്രി സമ്മതിച്ചിട്ടും രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരേ നടപടിയില്ല. സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നില്‍ വലിയ രാഷ്‌ട്രീയ നേതാക്കളുണ്ട്‌-അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയ ഗാന്ധിക്കുമൊപ്പം കേസിലെ ഒന്നാം പ്രതി നില്‍ക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടിയ രാജീവ്‌ ചന്ദ്രശേഖര്‍, സി.പി.എം. കോണ്‍ഗ്രസ്‌ കുറുവ സംഘമാണ്‌ കൊള്ളയ്‌ക്കു പിന്നിലെന്നും ആരോപിച്ചു. പോറ്റിയെ സഹായിക്കുന്നത്‌ ഇവരാണ്‌. മകരവിളക്കു ദിവസമായ 14ന്‌ ജ്യോതി തെളിച്ച്‌ എന്‍.ഡി.എ. പ്രതിഷേധസമരം സംഘടിപ്പിക്കുമെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.
അന്വേഷണം സംശയാസ്‌പദമെന്ന്‌ കെ. സുരേന്ദ്രന്‍

എസ്‌.ഐ.ടി. അന്വേഷണം സംശയാസ്‌പദമാണെന്നു കെ. സുരേന്ദ്രന്‍ പറഞ്ഞു. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ അറസ്‌റ്റ്‌ ചെയ്‌ത ആദ്യ ദിവസങ്ങളില്‍ത്തന്നെ മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്തിനും എതിരേ മൊഴി ലഭിച്ചിരുന്നു. തെളിവു ലഭിച്ചിട്ടും അവരെ അറസ്‌റ്റ്‌ ചെയ്യാന്‍ എസ്‌.ഐ.ടി. തയാറായില്ല. എന്നാല്‍, ഇപ്പോള്‍ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നു. ക്ഷേത്രത്തിലെ വസ്‌തുക്കളുടെ ഉത്തരവാദിത്വം തന്ത്രിക്കല്ല. പൂജകളുടെ ചുമതലയാണ്‌ അദ്ദേഹത്തിനുള്ളത്‌. ദേവസ്വം ഭണ്‌ഡാരം സൂക്ഷിക്കാനുള്ള അധികാരം തന്ത്രിക്കല്ല. തന്ത്രി ആചാരലംഘനം നടത്തിയെന്നാണ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ആചാരലംഘനത്തിനു കേസെടുക്കണമെങ്കില്‍ ആദ്യം കേസെടുക്കേണ്ടതു മുഖ്യമന്ത്രി പിണറായി വിജയനെതിരേയാണ്‌. ശബരിമലയിലെ ഏറ്റവും വലിയ ആചാരലംഘനം അദ്ദേഹമാണ്‌ നടത്തിയത്‌. അവിശ്വാസികളായ ആക്‌ടിവിസ്‌റ്റുകളെ കൊണ്ടുവന്ന്‌ പതിനെട്ടാം പടി ചവിട്ടിച്ച്‌ നവോത്ഥാനം ഉണ്ടാക്കിയെന്നു സമ്മതിച്ചതു മുഖ്യമന്ത്രിയാണ്‌. ആചാരലംഘനത്തിന്‌ ബി.എന്‍.എസില്‍ എന്തു വകുപ്പാണ്‌ ഉള്ളത്‌? 120 ബി ഗൂഢാലോചനക്കുറ്റമാണ്‌ തന്ത്രിക്കെതിരേ ചുമത്തിയിരിക്കുന്നത്‌. എന്നാല്‍, എന്തെങ്കിലും സാമ്പത്തികലാഭം തന്ത്രിക്കു കിട്ടിയതായി റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ ഇല്ല. -അദ്ദേഹം പറഞ്ഞു.
തന്ത്രിയെ പിന്തുണച്ച്‌ ആര്‍. ശ്രീലേഖ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര്‍ രാജീവരെ പിന്തുണച്ച്‌ മുന്‍ ഡി.ജി.പി: ആര്‍. ശ്രീലേഖ!. കണ്‌ഠരര്‍ രാജീവരെ 30 വര്‍ഷമായി അറിയാം. അറിഞ്ഞുകൊണ്ട്‌ അയ്യപ്പന്‌ ദോഷകരമാകുന്ന ഒന്നും തന്ത്രി ചെയ്യില്ലെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. എന്നാല്‍ സാമൂഹികമാധ്യമത്തിലെ പോസ്‌റ്റ്‌ ചര്‍ച്ചയായതിനു പിന്നാലെ ശ്രീലേഖ കുറിപ്പ്‌ പിന്‍വലിച്ചു തടിയൂരുകയായിരുന്നു. കേസിന്റെ പോക്കില്‍ ഉള്‍പ്പെടെ സംശയം പ്രകടപ്പിക്കുന്ന നിലയിലായിരുന്നു പോസ്‌റ്റ്‌. കേസിന്റെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ഭക്‌തജനങ്ങള്‍ കണ്ണ്‌ തുറന്നൊന്നു കാണാന്‍ അപേക്ഷിക്കുന്നു. അന്വേഷണം ആരംഭിച്ച്‌ നാളുകളായിട്ടും എവിടെയാണ്‌ ഭഗവാന്റെ സ്വര്‍ണം? അത്‌ പോലും പിടിച്ചെടുക്കാതെ ആര്‍ക്കു വേണ്ടിയാണ്‌, ആചാരലംഘനം നടത്തിയെന്ന്‌ പറഞ്ഞുള്ള ഈ അറസ്‌റ്റ്‌ എന്നുമായിരുന്നു പോസ്‌റ്റിലെ ഉള്ളടക്കം.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google