Thursday, March 19, 2026 Last Updated 2 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

ഇടത്‌ നിരീക്ഷകന്‍ ഹസ്‌കറിനെതിരേ പടയൊരുക്കം

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ച ഇടതു നിരീക്ഷകനും സി.പി.എം. അംഗവുമായ അഡ്വ.ബി.എന്‍. ഹസ്‌കറിനെതിരേ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം. ഹസ്‌കറിനെ പരിഹസിച്ചു ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റ്‌ വി.വസീഫ്‌ സാമൂഹിക മാധ്യമത്തില്‍ പോസ്‌റ്റിട്ടു. പാര്‍ട്ടിയംഗമായ മറ്റൊരു ഇടതു നിരീക്ഷകന്‍ അഡ്വ.പി.എ. പ്രിജി രംഗത്തുവന്നതോടെ, ഇടത്‌ നിരീക്ഷകന്‍ പദവി രാജിവച്ചിരിക്കുന്നുവെന്നു ഹസ്‌കര്‍ പ്രതികരിച്ചു.
1996 ലെ പാര്‍ട്ടി തെറ്റുതിരുത്തല്‍ രേഖയില്‍, സര്‍ക്കാര്‍ നല്‍കുന്ന കാറില്‍ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ജനപ്രതിനിധികള്‍ കയറ്റരുതെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. പിണറായി വിജയന്‍ ചെയ്‌ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നതു തിരുത്താന്‍ പാര്‍ട്ടിക്കു കഴിയാതെ പോയതു വല്ലാത്ത കാപട്യമായിപ്പോയി എന്നായിരുന്നു ഹസ്‌കറിന്റെ പരാമര്‍ശം. എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിക്കൊണ്ടുപോയതിനെ വിമര്‍ശിച്ച ഹസ്‌കറിനെ പേരു പറയാതെ ചോദ്യംചെയ്‌തായിരുന്നു വസീഫിന്റെ കുറിപ്പ്‌. പാര്‍ട്ടി ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളായ ഹസ്‌കറും പ്രിജിയും ചാനല്‍ ചര്‍ച്ചകളിലെ സി.പി.എം. മുഖങ്ങളാണ്‌.
സി.പി.എം. അഭിഭാഷകരുടെ ബ്രാഞ്ച്‌ യോഗം വിളിച്ചു ഹസ്‌കറിനെ താക്കീത്‌ ചെയ്‌തതായാണു വിവരം. പാര്‍ട്ടി ലൈനില്‍ നിന്നില്ലെങ്കില്‍ ഇടത്‌ നിരീക്ഷകനെന്ന പേരില്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നും യോഗം നിര്‍ദേശിച്ചു. തുടര്‍ന്നായിരുന്നു വസീഫിന്റെ പോസ്‌റ്റ്‌. ആരാണ്‌ ഇടതു നിരീക്ഷകനെന്നും ആരാണ്‌ ആ പദവി കൊടുക്കുന്നതെന്നും നിരീക്ഷകന്‍ പാര്‍ട്ടിക്ക്‌ അകത്താണോ പുറത്താണോയെന്നും അകത്താണെങ്കില്‍ ഏതാണു നിരീക്ഷകന്റെ ഘടകമെന്നും ചോദിച്ചായിരുന്നു പോസ്‌റ്റ്‌.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google