Thursday, March 19, 2026 Last Updated 3 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

ആനയുടെ കാല്‍ക്കല്‍ കുട്ടി വീണ സംഭവം: ഒന്നും രണ്ടും പാപ്പാന്‍മാര്‍ അറസ്‌റ്റില്‍

uploads/news/2026/01/819763/k8.jpg

ഹരിപ്പാട്‌: ആനയുടെ കാല്‍ക്കല്‍ കുട്ടി വീണ സംഭവത്തില്‍ ഒന്നും രണ്ടും പാപ്പാന്‍മാര്‍ അറസ്‌റ്റില്‍. ഹരിപ്പാട്‌ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍ എന്ന ആനയുടെ ഒന്നാം പാപ്പാനായ പുനലൂര്‍ കുമരം കുടി മാമൂട്ടില്‍ വീട്ടില്‍ ജിതിന്‍ രാജ്‌ (39), രണ്ടാം പാപ്പാനും കുട്ടിയുടെ പിതാവുമായ കൊട്ടിയം ചിറവിള പുത്തന്‍വീട്ടില്‍ അഭിലാഷ്‌ (38 ) എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.
കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം. രണ്ടാം പാപ്പാനായ അഭിലാഷിന്റെ കുഞ്ഞിന്റെ ചോറൂണ്‌ ക്ഷേത്രത്തില്‍ നടത്തിയശേഷം ആനയെ തളച്ചിരിക്കുന്ന ഭാഗത്തേക്ക്‌ പോകുകയായിരുന്നു. തുടര്‍ന്ന്‌ കുഞ്ഞിനെ ജിതിന്‍ കൈയിലെടുത്ത്‌ കൊമ്പിനോട്‌ ചേര്‍ത്ത്‌ പിടിച്ചിരിക്കുമ്പോള്‍ ആണ്‌ കൈയില്‍നിന്നും വഴുതി കുഞ്ഞ്‌ ആനയുടെ കാല്‍ക്കലേക്ക്‌ വീഴുന്നത്‌. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത്‌ ശ്രദ്ധയില്‍പ്പെട്ട പോലീസ്‌ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ബാലനീതി വകുപ്പും മൃഗങ്ങളെ അലക്ഷ്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പും (291) ചേര്‍ത്താണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. കുട്ടിയുടെ പേടി മാറ്റാനാണ്‌ ഇത്തരത്തില്‍ ചെയ്‌തതെന്നാണ്‌ ഇവര്‍ പോലീസിന്‌ നല്‍കിയ മൊഴി.
ഇതേ ആന പാപ്പാനെ കഴിഞ്ഞ ഓണത്തിന്‌ കുലുക്കി താഴെ ഇടുകയും കുത്തി കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ തളയ്‌ക്കാന്‍ വന്ന മറ്റൊരു പാപ്പാനും കുത്തേറ്റു. ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്‌. ഇതിനോടകം നാലുപേരെ കൊലപ്പെടുത്തിയ ആനയാണ്‌ സ്‌കന്ദന്‍. കഴിഞ്ഞ ഓണത്തിനു ശേഷം ഈ ആനയെ പുറത്തിറക്കാതെ ആനത്തറയില്‍ തളച്ചിരിക്കുകയാണ്‌. നിധിന്‍ രാജ്‌ പാപ്പാനായി ചുമതലയേറ്റിട്ട്‌ ഒന്നരമാസമേ ആയിട്ടുള്ളൂ. ആനയെ പുറത്തെഴുന്നള്ളിക്കുകയോ പൊതുജനങ്ങളുള്ള സ്‌ഥലത്ത്‌ എത്തിക്കുകയോ ചെയ്യരുത്‌ എന്ന്‌ കാട്ടി പോലീസ്‌ ഹരിപ്പാട്‌ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ക്ക്‌ രേഖാമൂലം കത്തും നല്‍കിയതാണ്‌.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google