Thursday, March 19, 2026 Last Updated 14 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 PM

കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ വ്യാജ ബോംബ്‌ ഭീഷണി

കോഴിക്കോട്‌: കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ബോംബ്‌ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ പരിസരത്ത്‌ കനത്ത ജാഗ്രതയും പരിശോധനയും. സ്‌ഫോടനമുണ്ടാക്കുമെന്ന സന്ദേശം പ്രിന്‍സിപ്പലിനും സൂപ്രണ്ടിനുമാണ്‌ ഇ-മെയില്‍ വഴി ലഭിച്ചത്‌. പ്രിന്‍സിപ്പല്‍ കൈമാറിയ സന്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ മെഡിക്കല്‍ കോളജ്‌ പോലീസ്‌ ഒ.പി, അത്യാഹിത വിഭാഗങ്ങളില്‍ പരിശോധന നടത്തി. പ്രിന്‍സിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ്‌ ബോംബ്‌ ഭീഷണി ഉയര്‍ന്നത്‌.
മൂന്ന്‌ ആര്‍.ഡി.എക്‌സ്‌ ഐ.ഇ.ഡി ബോംബുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെന്ന്‌ ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞത്‌. ഉച്ചയ്‌ക്ക്‌ 1.35ന്‌ മുമ്പ്‌ ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലില്‍ പറഞ്ഞു. മുഹമ്മദ്‌ വിക്രം രാജ്‌ ഗുരു എന്നീ ഐഡിയില്‍നിന്നാണ്‌ സന്ദേശമെത്തിയത്‌. 1979ലെ നയനാര്‍ദാസ്‌ പോലീസ്‌ യൂണിയന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാണ്‌ ആവശ്യം.
ഭീഷണി സന്ദേശം ലഭിച്ചയുടന്‍ സി.ഐ.യുടെ നിര്‍ദേശപ്രകാരം പോലീസ്‌ സംഘം കര്‍ശന പരിശോധന നടത്തി. ബോംബ്‌ സ്‌ക്വാഡ്‌ ഉള്‍പ്പെടെയുള്ള സംഘം സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌ത്‌ പരിശോധനകള്‍ ഏകോപിപ്പിച്ചു.
പ്രാഥമിക പരിശോധനയില്‍ സംശയാസ്‌പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മെഡിക്കല്‍ കോളജ്‌ പോലീസ്‌ വ്യക്‌തമാക്കി. ഇതോടെ സംഭവം വ്യാജ ബോംബ്‌ ഭീഷണിയാണെന്ന്‌ വ്യക്‌തമായി. ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ ആശുപത്രി പരിസരത്ത്‌ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു. വിവിധ കവാടങ്ങളില്‍ സായുധ പോലീസിനെ വിന്യസിച്ചിട്ടുണ്ട്‌.അത്യാഹിത വിഭാഗത്തിലേക്ക്‌ എത്തുന്ന രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവരെ വിശദമായ പരിശോധനകള്‍ക്ക്‌ ശേഷം മാത്രമാണ്‌ അകത്തേക്ക്‌ പ്രവേശിപ്പിച്ചത്‌. ഇവരുടെ കൈവശമുള്ള ബാഗുകളും മറ്റ്‌ സാധനസാമഗ്രികളും പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ കര്‍ശനമായി പരിശോധിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ ഉത്തരമേഖല ഐ.ജിയുടെയും സിറ്റി പൊലീസ്‌ കമ്മിഷണറുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്‌ അന്വേഷണം നടത്തിയത്‌. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്‌. സന്ദേശം വിദേശത്തുനിന്നാണോ അതോ പ്രാദേശികമായി ആരെങ്കിലും സൃഷ്‌ടിച്ച വ്യാജ സന്ദേശമാണോ എന്നാണ്‌ പോലീസ്‌ പ്രധാനമായും പരിശോധിക്കുന്നത്‌.

Ads by Google
Wednesday 07 Jan 2026 11.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google