Thursday, March 19, 2026 Last Updated 38 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.27 PM

സുരേഷ്‌ കല്‍മാഡി അന്തരിച്ചു

uploads/news/2026/01/819418/k7.jpg

പുനെ: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ്‌ കല്‍മാഡി(81) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ പുനെയിലായിരുന്നു അന്ത്യം. സ്‌പോര്‍ട്‌സ് ഭരണാധികാരിയെന്ന നിലയിലും മികവുപുലര്‍ത്തിയ കല്‍മാഡി ദീര്‍ഘനാള്‍ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍(ഐ.ഒ.എ.) പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1995 സെപ്‌റ്റംബര്‍ 17 മുതല്‍ 1996 ജൂണ്‍ വരെ പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി. പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റ്‌ അവതരിപ്പിച്ച ഏക സഹമന്ത്രിയാണ്‌.
നാഷണല്‍ ഡിഫന്‍സ്‌ അക്കാദമി(എ.ഡി.എ.)യിലെ പൂര്‍വവിദ്യാര്‍ത്ഥിയായ കല്‍മാഡി, ഇന്ത്യന്‍ വ്യോമസേനാ പൈലറ്റായി 1965, 71 വര്‍ഷങ്ങളിലെ ഇന്ത്യ-പാക്‌ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌. ശരദ്‌പവാറിന്റെ പ്രോത്സാഹനത്തോടെയാണു രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്കു കടന്നത്‌. ആദ്യം പുനെയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മേധാവിയായി നിയമിതനായി. 1982 ല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു മൂന്നു തവണ രാജ്യസഭാംഗമായി. പുനെയില്‍നിന്നു മൂന്നു തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
1997ല്‍ കോണ്‍ഗ്രസ്‌ അദ്ദേഹത്തിന്‌ പൂനെ ലോക്‌സഭാ സീറ്റ്‌ നല്‍കിയില്ല. തുടര്‍ന്ന്‌ പൂനെ വിലാസ്‌ അഘാഡി രൂപീകരിച്ച്‌ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിക്കേസ്‌ കല്‍മാഡിയുടെ രാഷ്‌ട്രീയ ജീവിതത്തിനു തിരിച്ചടിയായി. ഫണ്ട്‌ ദുരുപയോഗം ചെയ്‌തെന്ന കേസില്‍ 2011 ല്‍ അറസ്‌റ്റിലായി. തുടര്‍ന്നു കോണ്‍ഗ്രസില്‍നിന്നു പുറത്തായി.
1996, 2004, 2008 വര്‍ഷങ്ങളില്‍ ഐ.ഒ.എ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കല്‍ഗാഡി ഏഷ്യന്‍ അത്‌ലറ്റിക്‌ അസോസിയേഷന്‍, അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എന്നിവയുടെയും പ്രസിഡന്റായി. 2003 ല്‍ ഹൈദരാബാദില്‍ ആദ്യ ആഫ്രോ-ഏഷ്യന്‍ ഗെയിംസ്‌ സംഘടിപ്പിച്ചു. 2008 ല്‍ പുനെയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസ്‌ സംഘാടക സമിതി അധ്യക്ഷനായിരുന്നു.

Ads by Google
Tuesday 06 Jan 2026 11.27 PM
YOU MAY BE INTERESTED
Ads by Google
Ads by Google