Thursday, March 19, 2026 Last Updated 39 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

സ്വര്‍ണക്കൊള്ള: പ്രതികള്‍ ബംഗളൂരുവില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന്‌ അന്വേഷണ സംഘം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, പ്രതികള്‍ ബംഗളൂരുവില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന്‌ പ്രത്യേക അന്വേഷണ സംഘം. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി, ഒന്‍പതാം പ്രതി പങ്കജ്‌ ഭണ്ഡാരി, പത്താം പ്രതി ഗോവര്‍ധന്‍ എന്നിവര്‍ കഴിഞ്ഞ ഒക്‌ടോബറിലാണു കൂടിക്കാഴ്‌ച നടത്തിയത്‌. 2019ല്‍ നടത്തിയ സ്വര്‍ണക്കൊള്ള പുറത്തുവരാതിരിക്കാനുള്ള ഗൂഢാലോചനയ്‌ക്കായാണ്‌ ഇവര്‍ കണ്ടതെന്നും ഗോവര്‍ധന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട്‌ എസ്‌.ഐ.ടി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ ആരോപണവിധേയരായവര്‍ തമ്മില്‍ വലിയ ഗൂഡാലോചനയും സംഘടിത കുറ്റകൃത്യവും നടന്നിട്ടുണ്ടെന്ന്‌ എസ്‌.ഐ.ടി പറയുന്നു. ഗോവര്‍ധന്‍, പങ്കജ്‌ ഭണ്ഡാരി, ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി എന്നിവരും മറ്റു പ്രതികളും ചേര്‍ന്ന്‌ സ്വര്‍ണം തട്ടിയെടുക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി. സ്വര്‍ണപ്പാളികള്‍ വേര്‍പെടുത്തിയെടുത്തത്‌ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സില്‍ വച്ച്‌ അതിന്റെ ഉടമയായ പങ്കജ്‌ ഭണ്ഡാരിയാണ്‌.
കഴിഞ്ഞ മാസം 19ന്‌ അറസ്‌റ്റ് ചെയ്‌ത ഗോവര്‍ധനെ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്‌തിരുന്നു. ഗോവര്‍ധനെ ഇനിയും ചോദ്യം ചെയ്യാനുള്ളതിനാല്‍ പോലീസ്‌ കസ്‌റ്റഡി ആവശ്യമാണ്‌. ശബരിമല ശ്രീകോവിലിലെ സ്വര്‍ണവും തട്ടിയെടുക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നെന്നും എസ്‌.ഐ.ടി. പറയുന്നു.
1995 മുതല്‍ ശബരിമലയില്‍ വരാറുള്ള ഗോവര്‍ധന്‌ ശ്രീകോവില്‍ യു.ബി ഗ്രൂപ്പ്‌ 1998ല്‍ സ്വര്‍ണപ്പാളികള്‍ പൊതിഞ്ഞ വിവരം അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവര്‍ധനെ വീണ്ടും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന്‌ എസ്‌.ഐ.ടി കോടതിയില്‍ ആവശ്യപ്പെട്ടു. താന്‍ വാങ്ങിയ സ്വര്‍ണത്തിന്‌ 14.97 ലക്ഷം രൂപ നല്‍കിയെന്നാണ്‌ ഗോവര്‍ധന്‍ പറയുന്നത്‌. അതിനര്‍ഥം അയാള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നാണ്‌.
ശബരിമല അയ്യപ്പന്റെ സ്വര്‍ണമാണ്‌ നഷടപ്പെട്ടത്‌. അതിന്റെ സൂക്ഷിപ്പുകാരന്‍ ദേവസ്വം ബോര്‍ഡാണ്‌. സ്വര്‍ണം വാങ്ങാനോ ബോര്‍ഡിന്‌ പണം നല്‍കാനോ ഗോവര്‍ധനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. സ്വര്‍ണത്തിന്റെ ഫോറന്‍സിക്‌ പരിശോധനാ ഫലം ലഭിച്ച ശേഷം ഗോവര്‍ധനെ വീണ്ടും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യണം. ഗോവര്‍ധനില്‍ നിന്ന്‌ ലഭിച്ച 474.960 ഗ്രാം സ്വര്‍ണം ഭിഷണിപ്പെടുത്തി പിടിച്ചെടുത്തതാണെന്ന വാദം ശരിയല്ല. ഇത്‌ സ്വമേധയാ കൈമാറുകയായിരുന്നു. അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. എത്രത്തോളം സ്വര്‍ണം നഷ്‌ടപ്പെട്ടിട്ടുണ്ട്‌ എന്നതിന്റെ ശാസ്‌ത്രീയ പരിശോധനാഫലം ലഭിക്കേണ്ടത്‌ പ്രധാനമാണ്‌. സ്വര്‍ണക്കൊള്ളയില്‍ നേരിട്ടു പങ്കുള്ള ഗോവര്‍ധന്‌ അതിനാല്‍ ജാമ്യം നല്‍കരുതെന്നും എസ്‌.ഐ.ടി പറഞ്ഞു. കേസ്‌ വീണ്ടും നാളെ പരിഗണിക്കും.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google