Thursday, March 19, 2026 Last Updated 3 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച്‌ നടന്‍

uploads/news/2026/01/819244/k11.jpg

ആലപ്പുഴ: ഏറെയും ചെറിയ വേഷങ്ങളെങ്കിലും ആയിരത്തിലേറെ സിനിമകളില്‍ അഭിനയിച്ച്‌ ചരിത്രം രചിച്ചയാളാണ്‌ ഇന്നലെ അന്തരിച്ച പുന്നപ്ര അപ്പച്ചന്‍. ആലപ്പുഴയിലെ പുന്നപ്രയില്‍ ജനിച്ച അദ്ദേഹം 1969 ല്‍ ഉദയാ സ്‌റ്റുഡിയോ നിര്‍മിച്ച ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്രജീവിതത്തിനു തുടക്കമിട്ടത്‌. സത്യന്‍, മണവാളന്‍ ജോസഫ്‌ എന്നിവരോടൊപ്പം ഒരു ചെറിയ വേഷത്തിലായിരുന്നു ഈ ചിത്രത്തിലെ അഭിനയം. തുടര്‍ന്ന്‌ ഉദയ നിര്‍മിച്ച ധാരാളം സിനിമകളിലും ജെ. അല്‍ഫോന്‍സ്‌ എന്ന പുന്നപ്ര അപ്പച്ചന്‍ വേഷമിട്ടു.
അനുഭവങ്ങള്‍ പാളിച്ചകള്‍, അനന്തരം, നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി, പഞ്ചവന്‍കാട്‌, ശക്‌തി, സഞ്ചാരി, കോളിളക്കം, ചെറിയാന്റെ ക്രൂരകൃത്യങ്ങള്‍, ഉണരൂ, ഓപ്പോള്‍, ആറ്റിനക്കരെ, പിന്‍ഗാമി, ചന്ദമാമ, ആട്ടക്കലാശം, കക്ക, സംഘം, ആറ്റിനക്കരെ, ഞാന്‍ ഗന്ധര്‍വന്‍, വിയറ്റ്‌നാം കോളനി, ദി കിങ്‌, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയവ അപ്പച്ചന്‍ അഭിനയിച്ച സിനിമകളില്‍ ചിലതു മാത്രമാണ്‌. റിലീസ്‌ ചെയ്യാനിരിക്കുന്ന ഒറ്റക്കൊമ്പനാണ്‌ ഒടുവിലത്തെ ചിത്രം.
1971 ല്‍ ചേര്‍ത്തല കളവംകോടത്ത്‌ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ സത്യനോടും ബഹദൂറിനുമൊപ്പം നിന്നിരുന്ന അദ്ദേഹത്തെ കണ്ട്‌ തനിക്ക്‌ പുന്നപ്ര അപ്പച്ചനെപ്പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു മോഹിച്ചിട്ടുള്ളതായി പില്‍ക്കാലത്ത്‌ നടന്‍ മമ്മൂട്ടി തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്‌. അന്ന്‌ ഷൂട്ടിങ്‌ കാണാന്‍ ലൊക്കേഷനില്‍ എത്തിയതായിരുന്നു മമ്മൂട്ടി. രാഷ്‌ട്രീയ പ്രവേശനകാലത്ത്‌ പ്രേംനസീര്‍ ആലപ്പുഴയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പര്യടനപരിപാടികള്‍ ഏകോപിപ്പിച്ചത്‌ അപ്പച്ചനായിരുന്നു.
ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്‌ണന്‍, പി.പത്മരാജന്‍, എം. കൃഷ്‌ണന്‍ നായര്‍, പി.എന്‍. മേനോന്‍, കെ.എസ്‌. സേതുമാധവന്‍, ശശികുമാര്‍, എ.ബി. രാജ്‌, പി.എന്‍. സുന്ദരം, സത്യന്‍ അന്തിക്കാട്‌, ഫാസില്‍, ജോഷി, സിദ്ധിഖ്‌ ലാല്‍, ഷാജി കൈലാസ്‌ എന്നിവരുള്‍പ്പടെ നിരവധി സംവിധായകരുടെ സിനിമകളില്‍ അപ്പച്ചന്‍ അഭിനയിച്ചിട്ടുണ്ട്‌. ദുനിയാ എന്ന ഹിന്ദി സിനിമയിലും വേഷമിട്ടു. സത്യന്‍, പ്രേംനസീര്‍, ജയന്‍, സുകുമാരന്‍, സോമന്‍, രതീഷ്‌, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ ഗോപി, ജയറാം, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്‌ തുടങ്ങി പല തലമുറയിലെ നടന്മാര്‍ക്കൊപ്പം അഭിനയിച്ചുവെന്നതും പ്രത്യേകതയാണ്‌. സിനിമാജീവിതത്തിനിടയില്‍ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പറേഷനില്‍ ഏജന്റായി പ്രവര്‍ത്തിച്ച്‌ കോടിപതിയാകുകയും ചെയ്‌തിട്ടുണ്ട്‌. അടൂര്‍ ഗോപാലകൃഷ്‌ണന്റെ പുതിയ സിനിമയില്‍ അഭിനയിക്കാനിരിക്കെ, ഒരുമാസം മുമ്പ്‌ കുളിമുറിയില്‍ വീണ്‌ തലയ്‌ക്കു പരുക്കുപറ്റി വിശ്രമിക്കവേയായിരുന്നു അന്ത്യം.
ആലപ്പുഴയിലെ കലാ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു അപ്പച്ചന്‍. സ്വന്തം ചലച്ചിത്രാനുഭവങ്ങള്‍ വിശദീകരിക്കുന്ന ആരോടും പരിഭവമില്ലാതെ എന്ന പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ ഒരുക്കം തുടങ്ങിയിരുന്നു. ഏറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും താരസംഘടനയായ അമ്മയില്‍ അദ്ദേഹം അംഗമായിരുന്നില്ല.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google