സൗദി അറേബ്യ: മദീന: ജിദ്ദയില്‍ നിന്ന് മദീന സന്ദര്‍ശനത്തിനായി പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരേ കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത് കളത്തില്‍ അബ്‌ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ ആദില്‍ (14), അബ്‌ദുല്‍ ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്.
അബ്‌ദുല്‍ ജലീലിന്റെ മറ്റ് മക്കളായ അയിഷ (15) മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിലും, ഹാദിയ (9), നൂറ (7) എന്നിവര്‍ സൗദി ജര്‍മന്‍ ആശുപത്രിയിലും ചികിത്സയിലാണ്.
കുടുംബം യാത്ര ചെയ്‌ത ജി.എം.സി വാഹനത്തില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നു.തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി ഇടിച്ചുണ്ടായ അപകടം ജിദ്ദമദീന ഹൈവെയിലെ വാദി ഫറഹ പ്രദേശത്താണ് സംഭവിച്ചത്. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്‌തുവരുന്ന അബ്‌ദുല്‍ ജലീലിന്റെ കുടുംബം സന്ദര്‍ശന വിസയിലാണ് അടുത്തിടെ ജിദ്ദയിലെത്തിയത്.
മാതാവ് മൈമൂനത്ത് ഉംറ വിസയിലായിരുന്നു. ജിദ്ദയില്‍ അസ്‌കാന്‍ ബില്‍ഡിംഗിലാണ് കുടുംബം താമസിച്ചിരുന്നത്.അപകടവിവരം അറിഞ്ഞതോടെ മദീന കെ.എം.സി.സി നേതാക്കള്‍ സഹായത്തിനായി രംഗത്തെത്തിയിട്ടുണ്ട്.
ഇ.കെ.ബാദ്‌ഷാ