Thursday, March 19, 2026 Last Updated 41 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

‘സതീശനെതിരേ അന്വേഷണം; 'പുനര്‍ജനി'ച്ചത്‌ നിയമവകുപ്പ്‌ തള്ളിയ ശിപാര്‍ശ, ‘കേസെടുക്കാത്തതിനാല്‍ സി.ബി.ഐ. അന്വേഷണശിപാര്‍ശ നിലനില്‍ക്കില്ല’

വിദേശത്തുനിന്ന്‌ അനുമതിയില്ലാതെ പണം പിരിച്ചെന്ന ആരോപണത്തില്‍ സതീശനെതിരേ പുറത്തുവന്ന റിപ്പോര്‍ട്ട്‌ യോഗേഷ്‌ ഗുപ്‌ത വിജിലന്‍സ്‌ ഡയറക്‌ടറായിരിക്കേ സമര്‍പ്പിച്ചതും നിയമവകുപ്പ്‌ തള്ളിയതുമാണ്‌.
uploads/news/2026/01/819094/k1.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കേ, പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനെതിരേ പുറത്തുവന്നത്‌ 'പുനര്‍ജനി' കേസില്‍ സി.ബി.ഐ. അന്വേഷണം ശിപാര്‍ശ ചെയ്‌തുള്ള പഴയ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌. പറവൂര്‍ നിയോജകമണ്ഡലത്തില്‍ 2018-ലെ പ്രളയശേഷം നടപ്പാക്കിയ പുനര്‍ജനി പുനരധിവാസപദ്ധതി സംബന്ധിച്ച്‌ ഒരുവര്‍ഷം മുമ്പ്‌ വിജിലന്‍സ്‌ സമര്‍പ്പിച്ച ശിപാര്‍ശയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിലുള്ളത്‌. പദ്ധതിക്കായി വിദേശ ഫണ്ട്‌ സ്വീകരിച്ചതില്‍ ക്രമക്കേടുണ്ടോയെന്ന്‌ സി.ബി.ഐക്ക്‌ പരിശോധിക്കാമെന്നാണ്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌.
വിദേശത്തുനിന്ന്‌ അനുമതിയില്ലാതെ പണം പിരിച്ചെന്ന ആരോപണത്തില്‍ സതീശനെതിരേ പുറത്തുവന്ന റിപ്പോര്‍ട്ട്‌ യോഗേഷ്‌ ഗുപ്‌ത വിജിലന്‍സ്‌ ഡയറക്‌ടറായിരിക്കേ സമര്‍പ്പിച്ചതും നിയമവകുപ്പ്‌ തള്ളിയതുമാണ്‌. വിജിലന്‍സ്‌ ഇക്കാര്യത്തില്‍ ഔദ്യോഗികമായി കേസെടുക്കാത്തതിനാല്‍ സി.ബി.ഐ. അന്വേഷണശിപാര്‍ശ നിലനില്‍ക്കില്ലെന്നാണ്‌ നിയമവകുപ്പിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന്‌, ഒരുവര്‍ഷം മുമ്പ്‌ സര്‍ക്കാര്‍ മാറ്റിവച്ച റിപ്പോര്‍ട്ടാണ്‌ ഇപ്പോള്‍ പുറത്തുവന്നത്‌.

വിദേശപണപ്പിരിവിനു സതീശന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നു രേഖകള്‍ വ്യക്‌തമാക്കുന്നുണ്ടെങ്കിലും, അദ്ദേഹം നേരിട്ടല്ല പണം ശേഖരിച്ചത്‌. പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള മണപ്പാട്‌ ഗ്രൂപ്പിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ സതീശന്‍ സഹായം അഭ്യര്‍ഥിച്ചത്‌. മണപ്പാട്‌ ഗ്രൂപ്പിന്‌ വിദേശത്തുനിന്നു പണം സ്വീകരിക്കാന്‍ നിയമപരമായ അനുമതിയുള്ളതിനാല്‍ സതീശന്റെ ഇടപെടല്‍ കുറ്റകരമല്ലെന്നു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിക്കു വേണ്ടിയല്ല, പ്രളയബാധിതര്‍ക്ക്‌ വീട്‌ നിര്‍മിച്ചുനല്‍കുന്ന സ്വകാര്യ ഏജന്‍സിയുടെ പദ്ധതിക്കായാണ്‌ സതീശന്‍ സഹായം തേടിയത്‌.ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ സതീശന്‍ സംഭാവന ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യമുണ്ടെങ്കിലും അത്‌ മണപ്പാട്‌ ഫൗണ്ടേഷനു വേണ്ടിയായതിനാല്‍ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കാനാവില്ലെന്ന്‌ വിജിലന്‍സ്‌ എസ്‌.പി. മുമ്പ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

എം.എല്‍.എ. പദവി ദുരുപയോഗിച്ച്‌, വിദേശസംഭാവനാ നിയന്ത്രണനിയമം ലംഘിച്ചെന്ന ആരോപണം അതോടെ അപ്രസക്‌തമായി. വിദേശമലയാളികളുടെയും വ്യവസായികളുടെയും സഹായം ഏകോപിപ്പിക്കുക മാത്രമാണു ചെയ്‌തതെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നുമുള്ള സതീശന്റെ വിശദീകരണം വിജിലന്‍സും നിയമവകുപ്പും ശരിവച്ചതുമാണ്‌.
അതേസമയം വി.ഡി. സതീശനെതിരേ സി.ബി.ഐ. അന്വേഷണം വേണമെന്ന ശിപാര്‍ശയില്‍ സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി രാജീവ്‌ പറഞ്ഞു.

എസ്‌. നാരായണന്‍

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google