Thursday, March 19, 2026 Last Updated 1 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

കടാതി പള്ളിയില്‍ കതിന നിറയ്‌ക്കുന്നതിനിടെ സ്‌ഫോടനം; ഒരാള്‍ മരിച്ചു

uploads/news/2026/01/819092/k8.jpg

മൂവാറ്റുപുഴ: കടാതി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ചു കതിന നിറയ്‌ക്കുന്നതിനിടെ ഉഗ്രസ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കടാതി കാരണാട്ടുകാവ്‌ പാങ്ങ്യാരിപ്പിള്ളില്‍ രവി (70) യാണു മരിച്ചത്‌. വെടിക്കെട്ട്‌ കരാറുകാരനായ റാക്കാട്‌ സ്വദേശി മരങ്ങാട്ടുവീട്ടില്‍ ജെയിംസിന്‌ (50) ഗുരുതരമായി പരുക്കേറ്റു. ഇയാളെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.45 നായിരുന്നു നാടിനെ നടുക്കിയ അപകടം.
പള്ളിയിലെ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി രാവിലെ കുര്‍ബാനയ്‌ക്കുശേഷം പൊട്ടിക്കാന്‍ അഞ്ചു കതിനകളാണു തയ്യാറാക്കിയിരുന്നത്‌. പള്ളിക്കു സമീപമുള്ള അനുബന്ധ കെട്ടിടത്തിലിരുന്ന്‌ രവി കതിനകളില്‍ വെടിമരുന്ന്‌ നിറയ്‌ക്കുമ്പോഴായിരുന്നു സ്‌ഫോടനം. മൂന്നു കതിനകള്‍ നിറച്ചുകഴിഞ്ഞിരുന്നതായും സംഭവസമയത്ത്‌ നാലാമത്തേതില്‍ മരുന്നു നിറയ്‌ക്കുകയായിരുന്നുവെന്നുമാണ്‌ പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ രവി മുറിക്കുള്ളില്‍നിന്നു ദൂരേക്കു തെറിച്ചുവീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. കരാറുകാരന്‍ ജെയിംസ്‌ മുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു. ഇയാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. കെട്ടിടത്തിനും നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷങ്ങളിലും ജെയിംസാണ്‌ ഇവിടെ വെടിക്കെട്ട്‌ കരാര്‍ എടുത്തിരുന്നത്‌.
സ്‌ഥലത്തെത്തിയ മൂവാറ്റുപുഴ പോലീസ്‌ പ്രാഥമിക പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം വ്യക്‌തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ്‌ അറിയിച്ചു. പള്ളിപ്പെരുന്നാളിനിടെ നടന്ന ദാരുണസംഭവം കടാതി ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്‌ത്തി. രവിയുടെ സംസ്‌കാരം മകന്‍ താമസിക്കുന്ന ഊന്നുകല്ലിലെ വീട്ടില്‍ നടത്തി. ഭാര്യ: അമ്മിണി. മക്കള്‍: ദിലീപ്‌, ദീപ. മരുമക്കള്‍: സൗമ്യ, ശശി.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google