Thursday, March 19, 2026 Last Updated 15 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.39 PM

അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ഉറപ്പുവരുത്തും: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭ്യമായെന്ന്‌ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി ജി.ആര്‍. അനില്‍. കാര്‍ഡിനുവേണ്ടി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഈ മാസംതന്നെ വീണ്ടും അവസരം നല്‍കും. നിലവില്‍ ഓണ്‍ലൈനായി ലഭിച്ച 39,682 അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക്‌ 15 ന്‌ മുമ്പ്‌ പി.എച്ച്‌. എച്ച്‌ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
അര്‍ഹരായ എല്ലാ കുടുംബങ്ങളും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ ജനുവരി 31 ന്‌ മുമ്പ്‌ ഉറപ്പ്‌ വരുത്തും. എ.എ.വൈ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളില്‍ 2389 പട്ടികവര്‍ഗ കുടുംബങ്ങളുള്‍പ്പെടെ 6950 കുടുംബങ്ങള്‍ക്ക്‌ കാര്‍ഡുകള്‍ ഉടന്‍ തരംമാറ്റി നല്‍കും. 1965 മുതല്‍ സാര്‍വത്രിക സ്‌റ്റാറ്റ്യൂട്ടറി റേഷനിങ്‌ നിലനിന്ന സംസ്‌ഥാനമാണു കേരളം. ഉപഭോക്‌തൃസംസ്‌ഥാനം എന്ന നിലയിലും ഭക്ഷ്യക്കമ്മി സംസ്‌ഥാനമെന്ന നിലയിലും ഈ അവകാശം കേരളം ഒറ്റക്കെട്ടായി പൊരുതി നേടിയതാണ്‌. എന്നാല്‍ മാറിവന്ന കേന്ദ്രസര്‍ക്കാരുകള്‍ സബ്‌സിഡികളും സൗജന്യങ്ങളും പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സാര്‍വത്രിക റേഷനിങ്‌ ഇല്ലാതാക്കി. 2013 ലെ എന്‍.എഫ്‌.എസ്‌.എ നിയമം ഈ വിവേചനത്തിനു നിയമപരമായ അംഗീകാരം നല്‍കിയതുമൂലം സംസ്‌ഥാനത്തെ ജനങ്ങളില്‍ 57 ശതമാനം പേരും റേഷന്‍ കവറേജിനു പുറത്തായി. മഞ്ഞ, പിങ്ക്‌ കാര്‍ഡുകളിലുള്‍പ്പെട്ട ഗുണഭോക്‌താക്കളുടെ പരമാവധി സംഖ്യ 1,54,80,040 ആയി നിജപ്പെടുത്തപ്പെട്ടു. ഇതില്‍പ്പെടാത്തവര്‍ ഭക്ഷ്യധാന്യ വിഹിതത്തില്‍നിന്നു മാത്രമല്ല, ചികിത്സ ഉള്‍പ്പെടെയുള്ള മറ്റു പല ആനുകൂല്യങ്ങളില്‍നിന്നും പുറത്താക്കപ്പെട്ടു. എന്നാല്‍ ഇപ്രകാരം കവറേജിനു പുറത്തായ മുന്‍ഗണനേതര വിഭാഗത്തെ സംസ്‌ഥാന സര്‍ക്കാര്‍ നീല, വെള്ള കാര്‍ഡുകാരായി തിരിച്ച്‌ ലഭ്യമായ ടൈഡ്‌ ഓവര്‍ വിഹിതത്തില്‍നിന്ന്‌ ഭക്ഷ്യധാന്യം നല്‍കിവരുന്നതായി മന്ത്രി പറഞ്ഞു.
സ്വമേധയാ സറണ്ടര്‍ ചെയ്യാന്‍ അവസരം നല്‍കിയതിലൂടെയും ഓപ്പറേഷന്‍ യെല്ലോ എന്ന്‌ പേരിട്ട തീവ്രപരിശോധനയിലൂടെയും അനര്‍ഹര്‍ കൈവശം വച്ച കാര്‍ഡുകള്‍ മടക്കിവാങ്ങി അര്‍ഹരായവര്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ വിതരണം ചെയ്‌തു. ഈ സര്‍ക്കാര്‍ വന്നശേഷം ഇപ്രകാരം 58,487 മഞ്ഞ (എ.എ.വൈ) കാര്‍ഡുകളും, 5,45,358 പിങ്ക്‌ (പി.എച്ച്‌.എച്ച്‌) കാര്‍ഡുകളുമടക്കം 6,03,845 മുന്‍ഗണനാ കാര്‍ഡുകള്‍ അര്‍ഹരായവരുടെ കരങ്ങളിലെത്തിച്ചു. ക്രിസ്‌മസ്‌-പുതുവത്സര വിപണി ഇടപെടല്‍, ഉപഭോക്‌തൃ വിപണി ഇടപെടല്‍ എന്നിവയിലൂടെയാണ്‌ ഉത്സവവേളകളിലുള്‍പ്പെടെ സംസ്‌ഥാനത്ത്‌ വിലക്കയറ്റമുണ്ടാകാതെ വിപണി സ്‌ഥിരത നിലനിര്‍ത്താന്‍ സര്‍ക്കാരിനു കഴിയുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.

Ads by Google
Sunday 04 Jan 2026 11.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google