തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ വിജിലന്‍സ് സമര്‍പ്പിച്ച സി.ബി.ഐ. അന്വേഷണശിപാര്‍ശയില്‍ മുഖ്യമന്ത്രിയുടെ അന്തിമതീരുമാനം ഉടനുണ്ടായേക്കും. വിദേശസംഭാവനാ നിയന്ത്രണനിയമത്തിന്റെ (എഫ്.സി.ആര്‍.എ) ലംഘനം, സ്വകാര്യസന്ദര്‍ശനത്തിനു കേന്ദ്രാനുമതി നേടിയശേഷം വിദേശത്തുനിന്ന് ഫണ്ട് സ്വരൂപിച്ചതിലുള്ള നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ശിപാര്‍ശ.
എഫ്.സി.ആര്‍.എ. 2010 വകുപ്പ് 3(2) പ്രകാരം സി.ബി.ഐ. അന്വേഷണമാകാമെന്നു വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. നിയമസഭാ നടപടിച്ചട്ടം അനുബന്ധം 2, റൂള്‍ 41 പ്രകാരം സാമാജികനെന്ന നിലയില്‍ നടത്തിയ നിയമലംഘനത്തിന് സ്‌പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ശിപാര്‍ശയുണ്ട്. മണപ്പാട്ട് ഫൗണ്ടേഷന്റെ പേരില്‍ 'പുനര്‍ജനി' പദ്ധതിക്കായി യു.കെയില്‍നിന്ന് 22,500 പൗണ്ട് (19,95,880.44 രൂപ) സമാഹരിച്ച് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍. യു.കെ. ആസ്‌ഥാനമായ മിഡ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്‌ഡ് ട്രസ്‌റ്റ് എന്ന എന്‍.ജി.ഒ. വഴിയാണ്
മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് പണമയച്ചത്. യു.കെ.യിലെ പരിപാടിയില്‍, കേരളത്തിലെ പ്രളയബാധിതരായ സ്‌ത്രീകള്‍ക്ക് തയ്യല്‍യന്ത്രം വാങ്ങാന്‍ 500 പൗണ്ട് വീതം സതീശന്‍ അഭ്യര്‍ഥിക്കുന്ന വീഡിയോയും വിജിലന്‍സ് പരിശോധിച്ചിരുന്നു.