Thursday, March 19, 2026 Last Updated 38 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

ആരെയും മതതീവ്രവാദിയെന്ന്‌ വിളിച്ചിട്ടില്ല: വെള്ളാപ്പള്ളി

uploads/news/2026/01/818932/k7.jpg

അമ്പലപ്പുഴ: പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഒരു ചാനല്‍ വിചാരിച്ചാല്‍ ഒരു ചുക്കും സംഭവിക്കാനില്ലെന്നും എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ ആരെയും മതതീവ്രവാദിയെന്ന്‌ വിളിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വിശദീകരിച്ചു.
പുറക്കാട്‌ എസ്‌.എന്‍.ഡി.പി ശാഖാ ഗുരുമന്ദിരത്തിന്റെ സമര്‍പ്പണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശം വിവാദമായതിന്‌ പിന്നാലെയാണ്‌ വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്‌. ശിവഗിരിയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുമ്പോള്‍ ഉണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ സത്യം ബോധ്യപ്പെടുത്താനാണ്‌ മാധ്യമങ്ങളെ വീട്ടില്‍ വിളിച്ചുവരുത്തിയത്‌. അവിടെയും ഒരു ചാനല്‍ പ്രശ്‌നം ഉണ്ടാക്കി. തന്നെ പറയാന്‍ അനുവദിച്ചില്ല. തീവ്രവാദി എന്ന്‌ ഞാന്‍ പറഞ്ഞു. പക്ഷേ, മതതീവ്രവാദി എന്ന്‌ പറഞ്ഞതായി പ്രചരിപ്പിക്കുന്നു. അങ്ങനെ പറഞ്ഞിട്ടില്ല. എനിക്ക്‌ ഭയമില്ല. ഒന്നും നഷ്‌ടപ്പെടാനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ ഏത്‌ സംവാദത്തിനും തയാറാണ്‌. മുസ്ലിം ലീഗിനൊപ്പം നിന്ന ഒരു കാലമുണ്ടായിരുന്നു. യു.ഡി.എഫ്‌ ഭരണം പിടിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ തരാമെന്ന്‌ പറഞ്ഞാണ്‌ കൂടെ കൂട്ടിയത്‌. ലീഗിന്റെ നേതാക്കള്‍ എസ്‌.എന്‍.ഡി.പിയെ കൂടെ നടത്തി. ഒടുവില്‍ ഭരണം കിട്ടിയപ്പോള്‍ ഒന്നും തന്നില്ല.
താന്‍ പറയുന്നത്‌ വളച്ചൊടിച്ച്‌ മുസ്ലിം സമുദായത്തിന്‌ എതിരാണെന്ന്‌ വരുത്തുന്നു. മുസ്ലിം സമുദായത്തിന്‌ താന്‍ എതിരല്ല. അങ്ങനെയാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ലീഗ്‌ ശ്രമിക്കുന്നു. ശിവഗിരിയില്‍ തന്നെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്‌ എന്തിനാണെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. എച്ച്‌.സലാം എം.എല്‍.എ, കോണ്‍ഗ്രസ്‌ നേതാവ്‌ എം.ലിജു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google