Thursday, March 19, 2026 Last Updated 45 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

വൈസ്‌ പ്രസിഡന്റ്‌ രാജിവയ്‌ക്കും; മറ്റത്തൂരില്‍ സമവായ സാധ്യത, മുഖംരക്ഷിക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമം

uploads/news/2026/01/818923/k8.jpg

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇരുപക്ഷങ്ങളുടേയും മുഖം രക്ഷിച്ചുള്ള സമവായത്തിന്‌ കളമൊരുങ്ങുന്നു. കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച്‌ ബി.ജെ.പി. പിന്തുണയില്‍ വൈസ്‌ പ്രസിഡന്റായ നൂര്‍ജഹാന്‍ നവാസ്‌ രാജിവയ്‌ക്കുന്ന തരത്തിലാണ്‌ ഫോര്‍മുല തയാറായത്‌.
വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍, പഞ്ചായത്തംഗങ്ങളുടെ മറുകണ്ടം ചാടല്‍ പ്രവര്‍ത്തകരിലും നേതാക്കളിലും ഏല്‍പ്പിച്ച മുറിവുകള്‍ ഉണക്കാന്‍ ഇത്‌ സഹായകരമാകുമോയെന്നാണ്‌ ആശങ്ക. അധ്യക്ഷ പദവി തെരഞ്ഞെടുപ്പിന്‌ പിന്നാലെ പോര്‍വിളിയുമായി ഇറങ്ങിയ നേതാക്കള്‍ മാനസികമായി ഏറെ അകന്ന അവസ്‌ഥയിലാണ്‌. അതേസമയം സി.പി.എമ്മിന്‌ പ്രചാരണ ആയുധമാക്കാനുള്ള അവസരം ഇല്ലാതാക്കല്‍ മാത്രമാണ്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന, ജില്ലാ നേതൃത്വങ്ങള്‍ ഫോര്‍മുല തയാറാക്കലിലൂടെ ലക്ഷ്യമിടുന്നത്‌.
മറ്റത്തൂരില്‍ നാളുകളായി തുടരുന്ന സി.പി.എം. ഭരണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പിന്‌ ഒരുങ്ങിയത്‌. എന്നാല്‍, ജില്ലാ തലത്തിലും ഇതിന്‌ സമാനമായി താഴെ തലത്തിലും തുടരുന്ന കടുത്ത ഗ്രൂപ്പിസം സ്‌ഥാനാര്‍ഥി നിര്‍ണയ വേളയില്‍ത്തന്നെ ഇവിടെ പ്രകടമായിരുന്നു. മൂന്നു സീറ്റുകളില്‍ വിമത സ്‌ഥാനാര്‍ഥികള്‍ ഉണ്ടായതും ഇതിന്റെ ഫലമായിരുന്നു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ്‌ മറ്റത്തൂരില്‍ പുതിയ തന്ത്രങ്ങള്‍ രൂപപ്പെട്ടത്‌.
കോണ്‍ഗ്രസ്‌ വിമതനെ മുന്നില്‍ നിര്‍ത്തി ഭരണം പിടിക്കാന്‍ എല്‍.ഡി.എഫ്‌. നീക്കം നടത്തിയതിനു പിന്നാലെയാണ്‌ വന്‍ ട്വിസ്‌റ്റ്‌ ഉണ്ടായത്‌. വിജയിച്ച കോണ്‍ഗ്രസ്‌ അംഗങ്ങളെല്ലാം പാര്‍ട്ടിയില്‍നിന്ന്‌ രാജിവച്ച ശേഷം സ്വതന്ത്രയായ ടെസി ജോസിനെ പിന്തുണയ്‌ക്കുകയായിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസ്‌ ജില്ലാനേതൃത്വവും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഇത്‌. വൈസ്‌ പ്രസിഡന്റായി കോണ്‍ഗ്രസില്‍നിന്ന്‌ രാജിവച്ച നൂര്‍ജഹാനും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടിനും ബി.ജെ.പിയുടെ പിന്തുണയുമുണ്ടായിരുന്നു.
അപ്രതീക്ഷിതമായി ഭരണം നഷ്‌ടപ്പെട്ട സി.പി.എം അതിവേഗം ഇത്‌ രാഷ്‌ട്രീയ പ്രചാരണ ആയുധമാക്കിയതോടെ കോണ്‍ഗ്രസ്‌ പ്രതിസന്ധിയിലായി. എല്ലാ അംഗങ്ങളേയും രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചതായി ആരോപണമുള്ള ഡി.സി.സി. സെക്രട്ടറി ടി.എം. ചന്ദ്രനേയും മണ്ഡലം പ്രസിഡന്റ്‌ ഷാഫി കല്ലൂപറമ്പിലിനേയും പുറത്താക്കി മുഖം രക്ഷിക്കാനായിരുന്നു കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വം ശ്രമിച്ചത്‌. കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ രാജിവച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നുള്ള സി.പി.എം. പ്രചാരണത്തെ യഥാര്‍ഥ വസ്‌തുത വ്യക്‌തമാക്കി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വം പരാജയപ്പെടുകയും ചെയ്‌തു. പിന്നീട്‌് വാര്‍ത്താസമ്മേളനങ്ങളുടെ പരമ്പരകളാണ്‌ അരങ്ങേറിയത്‌.
രാഷ്‌ട്രീയ പോരാട്ടത്തില്‍ പരുക്കേറ്റത്‌ കോണ്‍ഗ്രസിന്‌ തന്നെയായിരുന്നു. ഈ ഘട്ടത്തിലാണ്‌ കെപി.സി.സിയുടെ ഇടപെലുണ്ടായത്‌. റോജി എം. ജോണ്‍ എം.എല്‍.എയുമായി ടി.എം. ചന്ദ്രനടക്കം സംസാരിച്ചതോടെയാണ്‌ മഞ്ഞുരുക്കത്തിനുള്ള സാധ്യത കണ്ടുതുടങ്ങിയത്‌. ടെസി ജോസിന്‌ രാജിവക്കേണ്ട സാഹചര്യമില്ല. അതിനാല്‍, അച്ചടക്ക നടപടികള്‍ പിന്‍വലിക്കപ്പെട്ടാല്‍ വൈസ്‌ പ്രസിഡന്റ്‌ രാജിവയ്‌ക്കുന്നതിലേക്ക്‌ കാര്യങ്ങള്‍ എത്താം. ആറു മാസം കഴിയുമ്പോള്‍ പ്രസിഡന്റിനെതിരേ ഇടതുപക്ഷം അവിശ്വാസം കൊണ്ടുവന്നാല്‍ അപ്പോള്‍ മാത്രം നിലപാട്‌ എടുത്താല്‍ മതിയാകുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കൂകൂട്ടല്‍. സ്‌ഥിരം സമിതി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പിലും ബി.ജെ.പി. പിന്തുണ നേടാതെ മാറിനില്‍ക്കാന്‍ കോണ്‍ഗ്രസ്‌ തയാറായേക്കും. കെപി.സി.സിയുടെ തീരുമാനമാകും സമവായ കാര്യത്തില്‍ നിര്‍ണായകമാവുക.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google