Thursday, March 19, 2026 Last Updated 4 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.36 PM

ആന്‍ഡ്രൂ സാല്‍വദോര്‍: വക്കീലിന്‌ ശിക്ഷ വാങ്ങിക്കൊടുത്ത പ്രതി!

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മൂന്ന്‌ പതിറ്റാണ്ടിനുശേഷം ആന്റണി രാജു ശിക്ഷിക്കപ്പെടാനിടയായത്‌ സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്‌റ്റിലൂടെ! 1990-ല്‍ മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോറിന്‌ 10 വര്‍ഷം തടവുശിക്ഷ ലഭിച്ചെങ്കിലും തൊണ്ടിമുതലായ അടിവസ്‌ത്രത്തില്‍ കൃത്രിമത്വം നടന്നതോടെ തെളിവിന്റെ അഭാവത്തില്‍ ഹൈക്കോതി വിട്ടയയ്‌ക്കുകയായിരുന്നു.
കുറ്റമുക്‌തനായി ഓസ്‌ട്രേലിയയിലേക്കു മടങ്ങിയ സാല്‍വദോര്‍ അവിടെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട്‌ തടവിലായതോടെയാണ്‌ കേരളത്തില്‍ ആന്റണി രാജുവിന്‌ കണ്ടകശനി ആരംഭിച്ചത്‌. കേരളത്തില്‍ തൊണ്ടിമുതല്‍ തിരിമറിയിലൂടെ താന്‍ രക്ഷപ്പെട്ട വിവരം സാല്‍വദോര്‍ സഹതടവുകാരനോടു വെളിപ്പെടുത്തി.
വിവരം ഇന്റര്‍പോളിനു ലഭിക്കുകയും അവര്‍ കേരളാ പോലീസിനെ അറിയിക്കുകയുമായിരുന്നു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്‌ത്രത്തില്‍ കൃത്രിമത്വം നടന്നെന്നു ചൂണ്ടിക്കാട്ടി അന്വേഷണോദ്യോഗസ്‌ഥന്‍ പരാതി നല്‍കിയതോടെ 1994-ല്‍ കേസെടുക്കുകയും ആന്റണി രാജുവും കോടതിക്ല ര്‍ക്കും പ്രതികളാവുകയും ചെയ്‌തു.നെടുമങ്ങാട്‌ കോടതിയില്‍ വിചാരണ അന്തിമഘട്ടത്തിലായിരിക്കേ, പ്രതികള്‍ക്കെതിരേ വഞ്ചനാക്കുറ്റം കൂടി ചുമത്തണമെന്നാവശ്യപ്പെട്ട്‌ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ ഇമ്മാനുവല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന്‌, ഈ വകുപ്പുകൂടി ഉള്‍പ്പെടുത്തിയാണ്‌ വിചാരണ പൂര്‍ത്തിയാക്കിയത്‌. കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ആന്റണി രാജു സുപ്രീം കോടതിവരെ പോയെങ്കിലും വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു ഉത്തരവ്‌.
കേസില്‍ 29 സാക്ഷികളുണ്ടെങ്കിലും 19 പേരെ മാത്രമാണ്‌ വിസ്‌തരിച്ചത്‌. കുറ്റപത്രം സമര്‍പ്പിച്ചത്‌ 13 വര്‍ഷം കഴിഞ്ഞാണ്‌. മുപ്പതിലധികം തവണ കേസ്‌ മാറ്റിവച്ചതു വിവാദമായിരുന്നു. ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നു സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെയാണ്‌ വിധി വന്നത്‌.

Ads by Google
Saturday 03 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
Ads by Google