Thursday, March 19, 2026 Last Updated 15 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

സി.എം. കണക്‌ടില്‍ വിളിച്ചു; ഉഷയ്‌ക്ക്‌ പുതുവത്സര സമ്മാനമായി റേഷന്‍ കാര്‍ഡ്‌

കളമശേരി: ഉറ്റവരോ ഉടയവരോ ആയി ആരുമില്ലാത്ത ഉഷയ്‌ക്ക്‌ പിന്തുണയുമായി നാടൊന്നാകെ ചേര്‍ന്നപ്പോള്‍ പുതുവര്‍ഷ ദിനത്തില്‍ സമ്മാനമായി ലഭിച്ചത്‌ റേഷന്‍ കാര്‍ഡ്‌. 2018ലെ പ്രളയത്തില്‍ എല്ലാ വിധ രേഖകളും നഷ്‌ടപ്പെട്ട ഉഷ കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ സി.എം. കണക്‌ട്‌ പരിപാടിയില്‍ വിളിച്ചതാണ്‌ വഴിത്തിരിവായത്‌. രേഖകള്‍ അനുവദിക്കുന്നതിന്റെ മുന്നോടിയായാണ്‌ റേഷന്‍ കാര്‍ഡ്‌ ലഭ്യമാക്കിയത്‌. പുതുവര്‍ഷദിനത്തില്‍ രാവിലെ നഗരസഭാ അധ്യക്ഷ ലൈജി സജീവനും വാര്‍ഡ്‌ കൗണ്‍സിലറുമടക്കം ആശ്രയഭവനിലെത്തി റേഷന്‍ കാര്‍ഡ്‌ കൈമാറിയപ്പോള്‍ ഉഷയ്‌ക്കു സന്തോഷംകൊണ്ട്‌ കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.
ഉഷ ഒറ്റമുറി വാടക വീട്ടിലായിരുന്നു കഴിഞ്ഞുവന്നത്‌. വീട്ടുജോലികള്‍ ചെയ്‌ത്‌ ജീവിക്കുന്ന ഉഷയുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ്‌ ഏലൂര്‍ വെസ്‌റ്റ്‌ ലോക്കല്‍ കമ്മിറ്റിയംഗം കെ എസ്‌ സൈനുദ്ദീനാണ്‌ മന്ത്രി പി. രാജീവ്‌ കളമശേരി മണ്ഡലത്തില്‍ നടത്തിയ പബ്ലിക്‌ സ്‌ക്വയറിലേക്ക്‌ ഒരു അപേക്ഷയുമായി ഉഷയെ കൊണ്ടുവന്നത്‌. മന്ത്രി രാജീവ്‌ നഗരസഭയുടെ ആശ്രയഭവനില്‍ താമസിക്കാന്‍ ഇടം നല്‍കാന്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന്‌ നഗരസഭാ കൗണ്‍സില്‍ മന്ത്രിയുടെ നിര്‍ദേശം പരിഗണിച്ച്‌ ആശ്രയഭവനില്‍ മുറി അനുവദിച്ചു. ആധാര്‍ കാര്‍ഡ്‌, ബാങ്ക്‌ രേഖകള്‍ എന്നിവ കിട്ടുന്ന മുറയ്‌ക്ക്‌ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്‌ ലഭ്യമാക്കാനാണ്‌ നീക്കം.കാര്‍ഡ്‌ കൈമാറിയ ചടങ്ങില്‍ വൈസ്‌ ചെയര്‍പഴ്‌സണ്‍ ലീല ബാബു, കെ.എസ്‌. സൈനുദ്ദീന്‍, കൗണ്‍സിലര്‍മാരായ ടിഷ വേണു, എ.ഡി.സുജില്‍, പി.ബി. രാജേഷ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google