Thursday, March 19, 2026 Last Updated 15 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.09 AM

വടക്കാഞ്ചേരി വിവാദത്തില്‍ സി.പി.എം.

തൃശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്കു സി.പി.എമ്മിനെ പിന്തുണയ്‌ക്കാന്‍ 50 ലക്ഷം രൂപ വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്നെന്നു മുസ്ലിം ലീഗ്‌ സ്വതന്ത്രന്‍ ഇ.യു. ജാഫര്‍ വെളിപ്പെടുത്തിയതിനെപ്പറ്റി വിജിലന്‍സ്‌ അന്വേഷണത്തിനു പിന്നാലെ രാഷ്‌ട്രീയവിവാദം കൊഴുക്കുന്നു.
കൂറുമാറ്റത്തിലൂടെ ലഭിച്ച പ്രസിഡന്റ്‌്, വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനങ്ങള്‍ രാജിവയ്‌ക്കില്ലെന്നും രാഷ്‌ട്രീയമായി പിന്തുണച്ചവരെ സംരക്ഷിക്കുമെന്നും സി.പി.എം. പ്രഖ്യാപിച്ചു. കോഴവാഗ്‌ദാനത്തില്‍ സി.പി.എം. നേതാക്കളും എം.എല്‍.എമാരുമായ എ.സി. മൊയ്‌തീനും സേവ്യര്‍ ചിറ്റിലപ്പിള്ളിക്കും പങ്കാുണ്ടെന്നാരോപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസും രംഗത്ത്‌.
വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി, കോണ്‍ഗ്രസിലെ പി.ഐ. ഷാനവാസാണ്‌ കോണ്‍ഗ്രസ്‌ വരവൂര്‍ മണ്ഡലം പ്രസിഡന്റ്‌ എ.എ. മുസ്‌തഫയോട്‌ ജാഫര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്‌ദരേഖ പുറത്തുവിട്ടത്‌. ഇത്‌ വിവാദമായതോടെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അനില്‍ അക്കര സംസ്‌ഥാന പോലീസ്‌ മേധാവിക്കും വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കും നല്‍കിയ പരാതിയിലാണ്‌ അന്വേഷണം. വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഏഴ്‌ സീറ്റുകള്‍ വീതമായിരുന്നു. ലീഗ്‌ സ്വതന്ത്രനായി ജയിച്ച ജാഫര്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ്‌ പ്രഖ്യാപിച്ചത്‌. എന്നാല്‍, പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിക്കു വോട്ട്‌ ചെയ്‌തു.
വിവാദം വിജിലന്‍സ്‌ കേസായതോടെ, കൂറുമാറ്റത്തിന്‌ 50 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം നിഷേധിച്ച്‌ ജാഫര്‍ രംഗത്തെത്തി. ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്നും ശബ്‌ദരേഖയിലുള്ളതു സൗഹൃദസംഭാഷണം മാത്രമാണെന്നും ജാഫര്‍ പറഞ്ഞു. വരവൂര്‍ ഡിവിഷനില്‍നിന്നാണ്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി ലീഗ്‌ സ്വതന്ത്രന്‍ ജാഫര്‍ ജയിച്ചത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ കൂറുമാറുകയും വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്‌തശേഷം രാജിക്കത്തും നല്‍കി.
കോഴ ആരോപണം തള്ളിയ സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്‌ദുള്‍ ഖാദര്‍, ആരെയും ചാക്കിട്ടുപിടിക്കാന്‍ നീക്കം നടത്തിയിട്ടില്ലെന്നും രാഷ്‌ട്രീയമായി തങ്ങളെ പിന്തുണയ്‌ക്കുന്നവരെ സംരക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ്‌. സ്വതന്ത്രന്‍ വോട്ട്‌ മാറിചെയ്‌തത്‌ കോണ്‍ഗ്രസിന്റെ പരാജയമാണ്‌. സ്വന്തം വോട്ട്‌ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനായിരുന്നു. പുറത്തുവന്ന ശബ്‌ദരേഖയില്‍, സംസാരം ആരോടാണെന്നു വ്യക്‌തമല്ല. അതില്‍ സി.പി.എമ്മിനു പങ്കില്ല. ലഭിച്ച ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനങ്ങള്‍ രാജിവയ്‌ക്കില്ലെന്നും അബ്‌ദുള്‍ ഖാദര്‍ വ്യക്‌തമാക്കി.
ജാഫറിനു സി.പി.എം. വാഗ്‌ദാനം ചെയ്‌ത 50 ലക്ഷം രൂപ കരുവന്നൂരിലെ തൊണ്ടിമുതലാണോയെന്ന്‌ വ്യക്‌തമാക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാനാധ്യക്ഷന്‍ ഒ.ജെ. ജനീഷ്‌ ആവശ്യപ്പെട്ടു. കരുവന്നൂര്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ ഈ ഇടപാടിന്റെ ഭാഗമാണ്‌. എം.എല്‍.എമാരായ സേവ്യര്‍ ചിറ്റിലപ്പിള്ളിക്കും എ.സി. മൊയ്‌തീനും കോഴ വാഗ്‌ദാനവുമായി ബന്ധമുണ്ടെന്നും ജാഫറിന്റെ കോള്‍ ലിസ്‌റ്റ്‌ പരിശോധിച്ചാല്‍ അത്‌ വ്യക്‌തമാകുമെന്നും ജനീഷ്‌ ആരോപിച്ചു.

Ads by Google
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google