Thursday, March 19, 2026 Last Updated 3 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

''പത്മനാഭസ്വാമി അനുഗ്രഹിച്ച നഗരം, നല്ല ഭരണം കാഴ്‌ചവയ്‌ക്കണമെന്ന്‌ ആശംസിക്കുന്നു'',തിരു. മേയറെ തേടി പ്രധാനമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ തിരുവനന്തപുരം മേയറെ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്‌. തിരുവനന്തപുരം മേയറായി ചുമതലയേറ്റ വി.വി. രാജേഷിനും ഡെപ്യൂട്ടി മേയറായി ചുമതലയേറ്റ ജി.എസ്‌. ആശാനാഥിനും മറ്റു ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ക്കും വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും ആശംസ നേര്‍ന്നുകൊണ്ടാണ്‌ നരേന്ദ്ര മോദിയുടെ കത്ത്‌ ആരംഭിക്കുന്നത്‌.
ശേഷം തിരുവനന്തപുരവുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും നഗരത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും മോദി വിവരിക്കുന്നു. പത്മനാഭസ്വാമി അനുഗ്രഹിച്ച നഗരത്തില്‍ പലതവണ സന്ദര്‍ശിച്ച ഓര്‍മകള്‍ തനിക്കുണ്ടെന്നും കത്തില്‍ പറയുന്നു. ഒട്ടേറെ നേതാക്കളെയും, സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും, കലാകാരന്മാരെയും, സംഗീതജ്‌ഞരെയും, കവികളെയും, സാംസ്‌കാരിക നായകന്‍മാരേയും, മതനേതാക്കളെയും വളര്‍ത്തിയെടുത്ത നഗരമാണ്‌ തിരുവനന്തപുരമെന്നും മോദി ഓര്‍മിക്കുന്നു.
തിരുവനന്തപുരം ബി.ജെ.പിയെ അനുഗ്രഹിച്ചിരിക്കുകയാണെന്നും വികസിത തിരുവനന്തപുരമെന്ന ബി.ജെ.പിയുടെ ലക്ഷ്യവും കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും കണ്ടുകൊണ്ടാണ്‌ ജനങ്ങള്‍ തങ്ങളെ അനുഗ്രഹിച്ചതെന്നും ഇതില്‍ നന്ദിപറയുന്നുവെന്നും നഗരവാസികളോടു മോദി കത്തില്‍ പറയുന്നു.
പതിറ്റാണ്ടുകളായി കേരളത്തിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ദുര്‍ഘടമായ പാതയിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. എല്‍.ഡി.എഫും യു.ഡി.എഫും ആധിപത്യം പുലര്‍ത്തിയ കേരള രാഷ്‌ട്രീയത്തില്‍ മോശം ഭരണത്തിന്റെ റിക്കോര്‍ഡാണുള്ളത്‌. അക്രമവും അഴിമതിയും നിറഞ്ഞ രാഷ്‌ട്രീയ സംസ്‌കാരമാണ്‌ ഈ മുന്നണികള്‍ നിലനിര്‍ത്തിയത്‌.
അക്രമങ്ങള്‍ ഉള്‍പ്പെടെ പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും അവര്‍ നിര്‍ഭയമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിക്കായി നിന്നു.
അവരില്‍ പലരും ഇന്ന്‌ നമുക്കൊപ്പം ഇല്ലെങ്കിലും അവരുടെ അനുഗ്രഹങ്ങള്‍ ഒപ്പമുണ്ടെന്നു തനിക്കു ഉറപ്പാണെന്നു നരേന്ദ്ര മോദി കത്തില്‍ സൂചിപ്പിക്കുന്നു. ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി, മന്നത്തു പത്മനാഭന്‍ എന്നിവരുടെ
ആശയങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടു നിങ്ങളും നിങ്ങളുടെ സംഘവും തിരുവനന്തപുരം നഗരത്തെ കഴിവിന്റെ പരമാവധി സേവിക്കുമെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും തനിക്കുറപ്പുണ്ടെന്നും കത്തിന്റെ അവസാന ഭാഗത്ത്‌ പ്രധാനമന്ത്രി പറയുന്നു. നല്ല ഭരണം കാഴ്‌ചവയ്‌ക്കാനുള്ള ആശംസകള്‍നേര്‍ന്നാണ്‌ അദ്ദേഹം കത്ത്‌ അവസാനിപ്പിക്കുന്നത്‌.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക്‌ നന്ദി പറഞ്ഞുകൊണ്ടു മേയര്‍ വി.വി. രാജേഷ്‌ കത്തിന്റെ പൂര്‍ണരൂപം അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്‌ പേജില്‍ പങ്കുവച്ചിട്ടുണ്ട്‌.
മോദിയുടെ സഹായ വാഗ്‌ദാനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന്‌ വലിയ പ്രതീക്ഷയാണെന്നും ഈ സ്‌നേഹവും കടപ്പാടും ഹൃദയത്തില്‍ സൂക്ഷിക്കുമെന്നും മേയര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google