Thursday, March 19, 2026 Last Updated 1 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

ടിക്കറ്റ്‌ തുക നല്‍കാന്‍ വൈകി;യുവതിയെ രാത്രി ഇറക്കിവിട്ട കണ്ടക്‌ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ഗൂഗിള്‍ പേ അക്കൗണ്ട്‌ മുഖേന ടിക്കറ്റ്‌ തുക നല്‍കാന്‍ വൈകിയതിനാല്‍ കെ.എസ്‌.ആര്‍.ടി.സി. കണ്ടക്‌ടര്‍ രോഗബാധിതയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച്‌ രാത്രി റോഡില്‍ ഇറക്കിവിട്ടതായി പരാതി. സംഭവത്തില്‍ വെള്ളറട ഡിപ്പോയിലെ എംപാനല്‍ കണ്ടക്‌ടര്‍ നെല്ലിമൂട്‌ സ്വദേശി സി.അനില്‍കുമാറിനെ ജോലിയില്‍ നിന്ന്‌ ഒഴിവാക്കി. വെള്ളറട കോട്ടയംവിളാകം റോഡരികത്ത്‌ വീട്ടില്‍ എസ്‌. ദിവ്യയ്‌ക്കാണ്‌ വെള്ളിയാഴ്‌ച രാത്രി ദുരനുഭവമുണ്ടായത്‌.
കുന്നത്തുകാല്‍ കൂനമ്പനയിലെ ക്ലിനിക്കില്‍ ജോലിചെയ്യുന്ന ദിവ്യ അസുഖബാധിതയായതിനാല്‍ ഡോക്‌ടറെ കണ്ടു മരുന്നു വാങ്ങിയ ശേഷം വെള്ളറടയിലേക്കു പോകുകയായിരുന്നു. പഴ്‌സ്‌ കാണാത്തതിനെ തുടര്‍ന്ന്‌ ഗൂഗിള്‍ പേയിലൂടെ ടിക്കറ്റ്‌ നിരക്ക്‌ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ റേഞ്ച്‌ കുറവായതിനാല്‍ സാധിച്ചില്ല. വെള്ളറടയില്‍ എത്തുമ്പോള്‍ പണം നല്‍കാമെന്നു പറഞ്ഞെങ്കിലും കണ്ടക്‌ടര്‍ അധിക്ഷേപിച്ചെന്നും രാത്രി 9.10ന്‌ തോലടിക്കു സമീപം ആളൊഴിഞ്ഞ സ്‌ഥലത്ത്‌ ഇറക്കിവിട്ടെന്നുമാണ്‌ എ.ടി.ഒയ്‌ക്കു ദിവ്യ നല്‍കിയ പരാതി. ഭര്‍ത്താവിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ രാത്രി വീട്ടില്‍ രണ്ടു ചെറിയ കുട്ടികളെ മാത്രമാക്കി ബൈക്കില്‍ ദിവ്യയെ വന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
കെ.എസ്‌.ആര്‍.ടി.സി. വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ കണ്ടക്‌ടറെ ജോലിയില്‍ നിന്ന്‌ ഒഴിവാക്കിയത്‌. അതേസമയം, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും യുവതി ബസില്‍ കയറിയിട്ടില്ലെന്നുമാണ്‌ അനില്‍കുമാര്‍ പറയുന്നത്‌. കളിയിക്കാവിള- വെള്ളറട റൂട്ടിലാണ്‌ ബസ്‌ സര്‍വീസ്‌. സംഭവദിവസം ഈ ബസ്‌ കൂനമ്പനയിലേക്കു പോയിട്ടില്ലെന്നും അനില്‍ പറഞ്ഞു.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google